ലൈംഗിക ചൂഷണ പരാതിയുമായി ഗുസ്തി താരങ്ങള്‍ വീണ്ടും സമരമുഖത്ത്. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് വീണ്ടും താരങ്ങൾ സമര രംഗത്ത് എത്തിയത്. രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ന്യൂഡൽഹിയിലെ ജന്ദര്‍ മന്തറില്‍ പുതിയതായി സമരം. ലൈംഗിക ചൂഷണം ആരോപിച്ച് ഏഴ് താരങ്ങള്‍ രണ്ട് ദിവസം മുന്‍പ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. എന്നാല്‍ ഈ പരാതിയില്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ തയാറായില്ല.
ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരങ്ങൾ. സമരം ചെയ്യുന്നവർക്ക് ഭക്ഷണവും വെള്ളവും കൊണ്ടുവരാൻ അനുവദിക്കുന്നില്ലെന്നും
പുറത്ത് പോയ താരങ്ങളെ അകത്തേക്ക് കടത്തി വിടുന്നില്ലെന്നും ഗുസ്തി താരങ്ങൾ ആരോപിച്ചു. ഡൽഹി പൊലീസ് എന്ത് ചെയ്താലും സമരത്തിൽ നിന്നും പിന്മാറില്ലെന്ന് താരങ്ങൾ പറഞ്ഞു. എന്തു കൊണ്ട് വനിതാ താരങ്ങൾ നൽകിയ പരാതിയിൽ നടപടി എടുക്കുന്നില്ലെന്നും താരങ്ങൾ ചോദിച്ചു. ( Wrestlers Protest Back In Delhi )
‘ഭക്ഷണവും വെള്ളവും ഒന്നും ലഭിച്ചില്ലെങ്കിലും സമരം തുടരും. നീതിക്ക് വേണ്ടി മരിക്കാനും തയ്യാറാണ്. പൊലീസ് കസ്റ്റഡിയിൽ എടുത്താലും സമരം തുടരും’ ഗുസ്തി താരങ്ങൾ പറഞ്ഞു.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ ഒത്തു തീർപ്പ് ചർച്ചകൾ അല്ലാതെ ഒന്നുമുണ്ടായില്ല. ഈ
സാഹചര്യത്തിലാണ് പ്രതിഷേധം. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്. ബജ്രംഗ് പൂനിയ തുടങ്ങിയ താരങ്ങളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് ഇവര്‍ അറിയിക്കുന്നത്.
മൂന്ന് മാസം മുന്‍പായിരുന്നു സമാനമായ സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ സമരവുമായി മുന്നിട്ടിറങ്ങിയത്. തുടര്‍ന്ന് പീഡനപരാതിയില്‍ താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ മേല്‍നോട്ട സമിതി രൂപവത്കരിച്ചു. എം.സി. മേരി കോമായിരുന്നു സമിതിയുടെ അധ്യക്ഷ. അന്വേഷണ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് പോലും സമര്‍പ്പിച്ചിട്ടില്ല.
സമിതി രൂപവത്കരിച്ചതിനപ്പുറം ഒന്നുമുണ്ടായിട്ടില്ലെന്ന് ബജ്‌റംഗ് പൂനിയ വെളിപ്പെടുത്തി. കായിക മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് സാക്ഷി മാലികും ആവശ്യപ്പെട്ടു.
താരങ്ങള്‍ക്ക് പിന്തുണയുമായി ഡല്‍ഹി വനിതാ കമ്മീഷനും രംഗത്തെത്തി. പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസിന് നോട്ടീസയച്ചു.


