ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ സി ഇ ഒ യു വി ജോസിന് കുരുക്കായി കരാറുകാരൻ സന്തോഷ് ഈപ്പന്റെ മൊഴി. യു വി ജോസ് മുഖേന ചില രേഖകൾ തങ്ങൾക്ക് ചോർന്നു കിട്ടിയെന്നാണ് സന്തോഷ് ഈപ്പൻ എൻഫോഴ്സ്മെന്റിനോട് പറഞ്ഞിരിക്കുന്നത്.
ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ സിഇഒ യുവി ജോസിനെ തുടർച്ചയായ രണ്ടാം ദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തിയത്. ലൈഫ് മിഷൻ സി ഇ യുടെ പൂർണ അറിവോടെയാണ് തങ്ങൾക്ക് കരാർ ലഭിച്ചതെന്നാണ് സന്തോഷ് ഈപ്പൻ മൊഴി നൽകിയത് സംബന്ധിച്ചാണ് തുടരന്വേഷണം.
കരാർ നടപടികൾക്കുമുമ്പ് ചില രേഖകൾ യുവി ജോസ് മുഖാന്തിരം തങ്ങൾക്ക് കിട്ടിയിരുന്നു. ഹാബിറ്റാറ്റ് നൽകിയ ചില രേഖകളാണ് കിട്ടിയത്. ഇത് പരിഷ്കരിച്ചാണ് കരാർ രേഖയാക്കി സമർപ്പിച്ചത് എന്നാണ് മൊഴി. മുഖ്യമന്ത്രി മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ നിർദേശാനുസരണമാണ് താൻ എല്ലാക്കാര്യങ്ങളും ചെയ്തതെന്നും നടപടി ക്രമങ്ങളുടെ ഭാഗമായിരുന്നെന്നുമാണ് യുവി ജോസ് പറഞ്ഞതും പരിശോധനയിലാണ്.
മെയിൽ ചെയ്തത് എന്തിന്
പദ്ധതിക്കായി ഹാബിറ്റാറ്റ് സമര്‍പ്പിച്ചിരുന്ന പ്ലാനും റിപ്പോര്‍ട്ടുകളുമാണ് യുവി ജോസ് സരിത്തിന് മെയില്‍ ചെയ്തത്. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ഇഡി കണ്ടെടുത്തു. അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് വിവരങ്ങള്‍ സരിത്തിന് കൈമാറിയതെന്ന് യുവി ജോസ് ഇഡിക്ക് മൊഴി നല്കി.
ഹാബിറ്റാറ്റിനെ വെട്ടി യൂണിടാക് വന്ന വഴി
ലൈഫ് മിഷന് പദ്ധതിയുടെ പ്രോജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി ആദ്യം നിയോഗിച്ചത് ഹാബിറ്റാറ്റിനെയായിരുന്നു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും ലൈഫ് മിഷനിലും ഉള്‍പ്പെടെ പദ്ധതിയുടെ പ്ലാന്‍, മണ്ണ് പരിശോധന റിപ്പോര്‍ട്ട്, പ്രോജക്റ്റ് റിപ്പോര്‍ട്ട് എന്നിവ ഹാബിറ്റാറ്റ് സമര്‍പ്പിച്ചിരുന്നു. ഇവയാണ് ഇ-മെയില്‍ വഴി സരിത്തിന് ലഭിച്ചത്. അതിനുശേഷമാണ് ഹാബിറ്റാറ്റ് ഒഴിവാക്കപ്പെടുകയും സന്തോഷ് ഈപ്പന്റെ യൂണിടാകിന് കരാര്‍ ലഭിക്കുകയും ചെയ്തത്.
234 ഫ്ലാറ്റുകൾ 140 ആയ വഴി
ഹാബിറ്റാറ്റിന്റെ നിര്‍ദേശപ്രകാരം 234 ഫ്ളാറ്റുകളാണ് വടക്കാഞ്ചേരിയില്‍ നിര്‍മിക്കേണ്ടിയിരുന്നത്. എന്നാല്‍ ഹാബിറ്റാറ്റിന്റെ പ്ലാന്‍ വെട്ടിക്കുറച്ച് 140 ഫ്ളാറ്റുകളായി കുറച്ചു. കരാര്‍ യൂണിടാക്കിന് കൊടുക്കാനും കമ്മീഷന് ഇടപാടിനുമുള്ള ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്ന സമയത്താണ് യുവി ജോസ് നിര്‍ണായക വിവരങ്ങള്‍ സരിത്തിന് കൈമാറിയതെന്നാണ് ഇഡി പുറത്തു വിട്ട വാർത്ത.
സ്പേസ് പാർക്കിലെ സ്വപ്ന സുരേഷിന്റെ വഴിവിട്ട നിയമനം ലൈഫ് മിഷൻ കോഴയ്ക്കുളള പ്രതിഫലമായിരുന്നോ. ശിവശങ്കർ ഇടപെട്ടാണ് സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി തരപ്പെടുത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. ഇതറിയാലാണ് സ്പേസ് പാർക് സ്പെഷൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിനെ വിളിച്ചുവരുത്തിയത്. സ്വപ്നയ്ക്ക് നിയമനം നൽകിയ പ്രൈസ് വാട്ടർ കൂപ്പേഴ്സിന്റെ അസോസിയേറ്റ് ഡയറക്ർ പ്രതാപ് നായരേയും വിളിച്ചുവരുത്തിയിരുന്നു.


