ലോക സമ്പന്നരുടെ പട്ടികയിൽ നിന്നും 24-ാം സ്ഥാനത്തേക്ക് നിലം പതിച്ച് ഗൗതം അദാനി. രണ്ട് മാസം മുൻപ് വരെ ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ രണ്ടാം സ്ഥാനത്തായിരുന്നു. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അദാനി ഇപ്പോൾ 24-ാം സ്ഥാനത്താണ്. ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്തി 52.4 ബില്യൺ ഡോളറിലേക്കെത്തി. ഫോർബ്സ് റിയൽ-ടൈം ബില്യണയർ സൂചിക പ്രകാരം, വ്യവസായിയുടെ ആസ്തി 53 ബില്യൺ ഡോളറാണ്.
അദാനി ഗ്രൂപ്പ് സ്ഥാപകനും ശതകോടീശ്വരനും ഇന്ത്യൻ വ്യവസായിയുമായ ഗൗതം അദാനി ഇന്ത്യയിൽ രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ട ചർച്ചകളിലും ഇതോടെ ഇടിവ് നേരിടുകയാണ്. നരേന്ദ്ര മോഡിയുമായുള്ള ബന്ധവും വിദേശ യാത്രകളിലെ സ്ഥിര പങ്കാളിത്തവും വാർത്തകളായി നിറഞ്ഞു. മാത്രമല്ല യാത്രകൾക്ക് ശേഷം കരാറുകൾ ഓരോന്നായി അദാനി തന്നെ കൈക്കലാക്കുന്നതിലെ വൈചിത്രവും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഉയർത്തി തുടങ്ങി.
യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗിൻ്റെ റിപ്പോർട്ടിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിലാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ വൻ തകർച്ച നേരിട്ടത്.
ക്രമക്കേടുകൾ പുറത്ത് കൊണ്ടുവന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിട്ടത്. ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ നേരിട്ടത്. ഓഹരി മൂല്യം ഉയർത്തി കാണിച്ച് അദാനി ഗ്രൂപ്പ് വഞ്ചന നടത്തിയെന്ന കണ്ടെത്തലാണ് വിശ്വാസ്യത തകർത്തത്.
ജനുവരി 24 ന് ഹിന്റൻബെർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ് നൽകിയത്. അതിന്റെ ആഘാതത്തിൽ നിന്ന് പുറത്ത് കടക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.


