വടകരയിൽ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വടകര അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ (62 ) ആണ് മരിച്ചത്. രാജനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു നീല ഷർട്ടുകാരൻ രാജന് ഒപ്പമുണ്ടായിരുന്നതായി അടുത്ത കടക്കാരൻ മൊഴി നൽകിയിട്ടുണ്ട്. ബൈക്കിൽ ഒപ്പം ഒരാൾ സഞ്ചരിക്കുന്ന സി സി ടി വി ദൃശ്യങ്ങളും കണ്ടെടുത്തു.
രാജന്റെ ശരീരത്തിൽ പരുക്കേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പതിനൊന്നുമണി കഴിഞ്ഞിട്ടും കടയടച്ച് വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് ചെല്ലുകയായിരുന്നു. പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യ ലൈനിൽ പല ചരക്ക് കടക്കുള്ളിൽ രാജനെ മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു.
രാജൻ കഴുത്തിലും കയ്യിലുമായി അണിഞ്ഞിരുന്ന സ്വർണാഭരണവും കടക്കുളളിലെ പണവും ബൈക്കും നഷ്ടപ്പെട്ടിരുന്നു. കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കടക്കുള്ളിൽ മല്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ഫാനും കസേരയും മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തിരുന്നു. രാജൻ രാത്രി ഒമ്പത് മണിക് ശേഷം ബൈക്കിൽ കടയിലേക്ക് വരുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ദൃശ്യങ്ങളിൽ രാജനൊപ്പം മറ്റൊരാൾ കൂടി ബൈക്കിലുളളതായി കാണാം. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് വടകര ഡി വൈ എസ് പി പറഞ്ഞു.


