മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ എംഎൽഎ. വീണ വിജയന്‍റെ കമ്പനിയുടെ മെന്‍റർ ആണ് ജെയ്ക് ബാലകുമാർ എന്ന് വ്യക്തമാക്കുന്ന വിവരം വെബ്സൈറ്റില്‍നിന്ന് നീക്കംചെയ്ത ഭാഗം അദ്ദേഹം വാർത്താസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു. സ്വർണക്കടത്ത് കേസ് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് ഇത് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴൽ ആരോപിച്ചു.
വീണാ വിജയൻ നടത്തുന്ന ഐടി കമ്പനി എക്സാലോജിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ ഒന്നായി അവർ തന്നെ അവകാശപ്പെട്ടിരുന്ന വ്യക്തിയാണ് ജെയ്ക് ബാലകുമാർ എന്ന് വെബ്സൈറ്റില്‍ പറയുന്നു. ഇയാൾ ഒരു മെന്ററുടെ സ്ഥാനത്ത്, വഴികാട്ടിയായി നിന്ന് അദ്ദേഹത്തിന്റെ പരിജ്ഞാനംകൊണ്ട് ഞങ്ങളെ നയിക്കുന്ന വ്യക്തിയാണെന്നും വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
107 തവണ വെബ്സൈറ്റ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്. വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ 2020 മേയിൽ വെബ് സൈറ്റ്ഡൗൺ ആവുകയും പിന്നീട് ജൂൺ മാസത്തിൽ ഇത് വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ജെയ്ക് ബാലകുമാറിനേക്കുറിച്ചുള്ള വിവരങ്ങള്‍ വൈബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായെന്നും കുഴല്‍നാടന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെക്കുറിച്ച് പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മകളുടെ സ്വകാര്യതകളേക്കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


