Friday, February 20, 2026

വാക്സിൻ എടുത്തിട്ടും തെരുവു നായ കടിച്ച പെൺകുട്ടി മരിച്ചു; നായയുടെ കടിയേറ്റ് മരണങ്ങൾ ആവർത്തിക്കുമ്പോൾ എന്താണ് വിശദീകരണം ?

തെരുവുനായയുടെ കടിയേറ്റ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നി സ്വദേശിനി അഭിരാമി (12) മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും ഫലം കണ്ടില്ല.

കുട്ടിയുടെ സ്രവങ്ങള്‍ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതിൻ്റെ ഫലം വരാനിരിക്കെയാണ് മരണം.

നേരത്തെ പേ വിഷ ബാധയ്ക്ക് എതിരായ വാക്സിൻ സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. ഗുണനിലവാര പരിശോധന ഇല്ലാത്തതും ആരോപണ വിധേയമായി. ഇപ്പോൾ ഇത്തരത്തിൽ ആശുപത്രികളിൽ എത്തുന്നവർക്ക് മതിയായ പരിചരണം കിട്ടുന്നില്ല എന്ന ആരോപണവും ഉയരുകയാണ്. തെരുവു നായകൾ പെരുകുമ്പോൾ കൃത്യമായ നിയന്ത്രണ സംവിധാനങ്ങൾ ഒന്നുമില്ലാതെ തദ്ദേശ സ്ഥാപനങ്ങളുടെ തലയിലിട്ട് സർക്കാർ തലയൂരുന്ന സാഹചര്യമാണ്.

ഓഗസ്റ്റ് 13-നാണ് പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിച്ചു.

ഏഴ് മുറിവുകളുണ്ടായിരുന്നു. കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണില്‍ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിരാമിക്ക് ആദ്യഡോസ് വാക്സിനും ഹീമോഗ്ലോബിനും നല്‍കി. രണ്ടുദിവസത്തെ കിടത്തിച്ചികില്‍സയ്ക്കുശേഷം 15-ന് വിട്ടിലേയ്ക്ക് തിരിച്ച് അയച്ചു. തുടര്‍ന്ന് മൂന്നാംദിവസവും ഏഴാംദിവസവും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്ന് പ്രതിരോധ കുത്തിവെയ്‌പെടുത്തു.

ചികിത്സാ പിഴവ് ചൂണ്ടികാട്ടി കുടുംബം

അഭിരാമി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം മാധ്യമങ്ങൾക്ക് മുന്നിലെത്തി. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയിരുന്നില്ല.

പരിമിതിയുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചതായി അഭിരാമിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എന്നിട്ടും ആരോഗ്യം വഷളാവുകയായിരുന്നു. കുട്ടിക്ക് പനിയുണ്ടെന്ന് പറഞ്ഞിട്ടും രാവിലെ പോലും ഡോക്ടര്‍മാര്‍ കാര്യമായി പരിഗണിച്ചില്ലെന്നും മാതാവ് ആരോപിച്ചു.

പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...