Tuesday, February 24, 2026

വാണിജയറാമിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി, നെറ്റിയിൽ മുറിവ് കണ്ടെത്തിയതിൽ സംശയം

ഗായിക വാണി ജയറാമിൻ്റെ മരണത്തിൽ ഞെട്ടൽ മാറാതെ ആരാധക ലോകം. നെറ്റിയിൽ മുറിവേറ്റ പാടുമായി മരിച്ചു കിടക്കുന്ന നിലയിലാണ് ഇഷ്ട ഗായികയുടെ മൃതദേഹം കണ്ടെത്തിയത്. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ ഉള്ള വസതിയിലായിരുന്നു. 2018-ൽ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസം.

 ചെന്നൈയിലെ വസതിയിലെ സഹായിയായ യുവതിയാണ് വിവരം പൊലീസിൽ അറിയിച്ചത്. രാവിലെ ജോലിക്ക് വന്നപ്പോള്‍, ബെല്ലടിച്ചിട്ടും ഫോണ്‍ വിളിച്ചിട്ടും പ്രതികരണം ഇല്ലാതായതിനെ തുടര്‍ന്ന് അയല്‍വാസികളെയും പിന്നീട് പോലീസിനെയും അറിയിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിൽ മരണപ്പെട്ട നിലയിലാണ് വാണിയെ കണ്ടെത്തിയത്. 

സഹായിയായ യുവതി പറഞ്ഞത്

പത്തേ മുക്കാലിന് താന്‍ ജോലിയ്‌ക്കെത്തി. ആദ്യ ബെല്ലടിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. വീണ്ടും ബെല്ലടിച്ചു നോക്കി. ഫോണ്‍ വിളിച്ചു നോക്കിയപ്പോഴും എടുത്തില്ല. തുടര്‍ന്ന് അയല്‍വാസികളെ അറിയിക്കുകയും അവര്‍ പോലീസിനെ വിളിക്കുകയുമായിരുന്നു. മുറിയില്‍ തറയില്‍ വീണു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹമെന്നും അവര്‍ പറഞ്ഞു.

കുഴഞ്ഞു വീണപ്പോൾ സംഭവിച്ച മുറിവെന്ന് പ്രാഥമിക നിഗമനം

വാണി മുറിയിൽ കുഴഞ്ഞു വീണു മരിച്ചതാവാം എന്നാണ് നിലവിൽ പൊലീസിൻ്റെ നിഗമനം. മൃതദേഹത്തിൻ്റെ നെറ്റിയിൽ മുറിവുണ്ടെന്നും എന്നാൽ ഇത് വീഴ്ചയിൽ മുറിയിലെ ടീപ്പോയിയിൽ തലയിടിച്ചപ്പോൾ സംഭവിച്ചതാവാമെന്നും ചെന്നൈ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനായി വാണി ജയറാമിൻ്റെ മൃതദേഹം ഓമന്തുരാർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

അവശ്വസനീയമെന്ന് കെ എസ് ചിത്ര, മൂന്നു ദിവസം മുൻപും സംസാരിച്ചിരുന്നു

മൂന്ന് ദിവസം മുന്‍പ് എന്നെ ഫോണില്‍ വിളിച്ചതേയുള്ളൂ. ഇത് സത്യം തന്നെയാണോ? ഞാന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ വാണിയമ്മ അതിഥിയായി വന്നത് ഈയിടെയാണ്. പത്മഭൂഷണ്‍ കിട്ടിയതിന് അമ്മയെ ഞങ്ങള്‍ ആദരിച്ചു. ഒരു സാരി ഞാന്‍ സമ്മാനമായി നല്‍കിയിരുന്നു. അതിന് ശേഷം എന്നെ വിളിച്ച് സാരി ഇഷ്ടമായെന്ന് പറഞ്ഞിരുന്നു. എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എനിക്ക് എന്താണ് പറയേണ്ടത് എനിക്കറിയില്ല. വാണിയമ്മ സംഗീതലോകത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. ഒരു പാട്ട് ഒറ്റതവണ കേട്ടാല്‍ മതി പെട്ടന്ന് പഠിച്ചെടുക്കും. തമിഴില്‍ ഞാന്‍ ഏറ്റവു കൂടുതല്‍ ഡ്യൂവറ്റ് പാടിയത് വാണിയമ്മയ്ക്ക് ഒപ്പമായിരിക്കും. എനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല ഈ മരണം’ – കെ.എസ് ചിത്ര പറഞ്ഞു.

പാട്ടുകൾ ഓർത്തെടുത്ത് സങ്കടത്തിൽ മുങ്ങി സോഷ്യൽ മീഡിയ സമൂഹം

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി.. നാടന്‍ പാട്ടിലെ മൈന… കിളിയേ കിളി കിളിയേ… ഓലഞ്ഞാലി കുരുവീ…ഏതോ ജന്മകല്പനയിൽ…സൌരയുഥത്തിൻ … ആഷാഡ മാസം ആത്മാവിൽ … ഉള്‍പ്പെടെ എത്രയെത്ര ഗാനങ്ങള്‍. ജന്‍മ വീഥികളില്‍… തുടങ്ങി അവരുടെ മലയാള ഗാനങ്ങൾ സ്റ്റാറ്റസുകളിലും നിറയുകയാണ്.

പാടിയ പാട്ടുകളെല്ലാം ആരാധകരുടെ ചുണ്ടികളിലും ഹൃദയത്തിലും ഇടം പിടിച്ചവയാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ചു, ഈ വർഷം രാജ്യം നൽകിയ പത്മഭൂഷൺ പുരസ്കാരത്തിന്റെ പ്രഭയും പേറിയാണ് രാജ്യത്തിന്റെ മധുരവാണി വിടവാങ്ങുന്നത്.

കലൈവാണി എന്നാണ് മാതാപിതാക്കൾ നൽകിയ പേര്. ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്ത് വാണി ജയറാം എന്നാക്കി മാറ്റി. അച്ഛൻ ദൊരൈസ്വാമി കൊൽക്കത്ത ഇൻഡോ- ജപ്പാൻ സ്റ്റീൽസ് ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു.

 അഞ്ചാം വയസിൽ ദീക്ഷിതർ കൃതികൾ പഠിച്ചു. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. വിവാഹ ശേഷം മുംബൈയിൽ താമസമാക്കിയതോടെയാണു സിനിമാ സംഗീതത്തിന്റെ വഴിയിലേക്കു വന്നത്. ഇക്കണോമിക്സിൽ ബിരുദം നേടിയ വാണിക്ക് എസ്ബിഐയിൽ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇൻഡോ ബൽജിയം ചേമ്പർ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്.

മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി അങ്ങനെ ഇരുപതോളം ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകളാണ് വാണിയമ്മ സമ്മാനിച്ചത്. അഞ്ച് പതിറ്റാണ്ടുകൾക്കു മുൻപ് ‘ഗുഡി’ എന്ന സിനിമയിലൂടെ പ്രശസ്ത സംഗീത സംവിധായകൻ വസന്ത് ദേശായിയാണ് വാണിയെ സിനിമയിലേക്ക് കൈപിടിച്ച് ആനയിച്ചത്. പിന്നീട് ബോളിവുഡിലെ മുൻനിര സംഗീത സംവിധായകരൊക്കെ ആ മധുരവാണിയെ കൊണ്ട് പാടിച്ചു. ചെന്നൈയിലേക്കു താമസം മാറിയതോടെ മലയാളത്തിനും തമിഴിനും തെലുങ്കിനും ഭാഗ്യമായി.

സ്വപ്നം പോലെ മലയാളത്തിൻ്റെ പ്രിയപ്പെട്ട കലൈവാണി

1973 ൽ സ്വപ്നം എന്ന ചിത്രത്തിലൂടെ സലീൽ ചൗധരിയാണ് വാണിയമ്മയെ മലയാളത്തി‌ലേക്ക് കൊണ്ടുവരുന്നത്. ‘സൗരയുഥത്തിൽ വിരിഞ്ഞോരു’ എന്നു തുടങ്ങുന്ന പാട്ടിലൂടെ വാണി ജയറാം മലയാളികൾക്കും പ്രിയപ്പെട്ടവളായി. വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കരുണ ചെയ്യുവാൻ എന്തുതാമസം, മഞ്ചാടിക്കുന്നിൽ, ഒന്നാനാംകുന്നിന്മേൽ, നാടൻ പാട്ടിലെ മൈന, ധുംതനധും തനന ചിലങ്കേ, മാമലയിലെ പൂമരം പൂത്ത നാൾ, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ, ഏതോ ജന്മ കൽപനയിൽ, പത്മതീർഥ കരയിൽ, കിളിയേ കിളി കിളിയേ, എന്റെ കൈയിൽ പൂത്തിരി തുടങ്ങിയ നൂറുകണക്കിന് മധുരഗാനങ്ങൾ സമ്മാനിച്ചു.

1973 ഫെബ്രുവരിയിലാണ് കേരളത്തിൽ നിന്ന് സ്വപ്നം സിനിമയുടെ പ്രൊഡ്യൂസർ സിനിമയിലേക്ക് പാടാൻ വിളിച്ചത്. സലിൽ ചൗധരിയാണ് സംഗീത സംവിധാനമെന്ന് കേട്ടതും വാണി പാടാൻ സമ്മതംമൂളി. ഒ.എൻ.വി കുറുപ്പ് അന്ന് സർക്കാർ സർവിസിലായിരുന്നതിനാൽ ബാലമുരളി എന്ന പേരിലാണ് പാട്ടെഴുതിയിരുന്നത്.

‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ- സൗഗന്ധികമാണീ ഭൂമീ – അതിൻ, സൗവർണ്ണപരാഗമാണോമനേ നീ, അതിൻ സൗരഭമാണെന്റെ സ്വപ്നം’ എന്ന മനോഹര ഗാനം സൂപ്പർ ഹിറ്റായി. പിന്നീട് സലിൽ ചൗധരിയുടെ നെല്ല് എന്ന ചിത്രത്തിലൊഴികെ മറ്റെല്ലാം മലയാള ചിത്രത്തിലും വാണിയുടെ പാട്ടുകളുണ്ടായിരുന്നു.

ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളാണ് മലയാളത്തിൽ വാണി ജയറാം കൂടുതലും പാടിയത്. അന്ന് വയലാർ-ദേവരാജൻ-പി. സുശീല ടീം പോലെ, ശ്രീകുമാരൻ തമ്പി-അർജുനൻ മാഷ്-വാണി ജയറാം ടീമും മലയാള സിനിമ സംഗീത മേഖലയിലുണ്ടായി.

ഏറെ വർഷങ്ങൾക്കു ശേഷമാണ് ‘1983’ എന്ന സിനിയിലൂടെ ആ പെൺസ്വരം മലയാളത്തിൽ തിരിച്ചെത്തിയത്. അതും വാണിയെപ്പോലെ സ്വരത്തിൽ ഇപ്പോഴും ചെറുപ്പം സൂക്ഷിക്കുന്ന ജയചന്ദ്രനൊപ്പം. ഓല‍‌‌ഞ്ഞാലി കുരുവിയും പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേയും ആക്ഷൻ ഹീറോ ബിജുവിലെ പൂക്കൾ പനിനീർ പൂക്കൾ എന്നിവയുമായി വീണ്ടും വിസ്മയിപ്പിച്ചു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...