Tuesday, August 19, 2025

വായനാ ദിനത്തിൽ ഓർക്കേണ്ടത് ആരെയാണ്, പിരപ്പൻകോട് മുരളിയുടെ പുസ്തകം വിവാദമാവുന്നു

കേരള ഗ്രന്ഥശാലാസംഘത്തിൻ്റെ ചരിത്രം തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.യുടെ നിര്‍മിതിയാണെന്ന ആരോപണവുമായി മുതിര്‍ന്ന സി.പി.എം. നേതാവും ഗ്രന്ഥശാലാസംഘം പ്രവര്‍ത്തകനുമായ പിരപ്പന്‍കോട് മുരളിയുടെ പുസ്തകം.

ഗ്രന്ഥശാലാസംഘം പിറവിയെടുത്തത് മലബാറിലാണ്. കെ. ദാമോദരനാണ് അതിന് നേതൃത്വം നല്‍കിയത്. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന പി.എന്‍. പണിക്കര്‍ യഥാർത്ഥത്തിൽ സര്‍ സി.പി. രാമസ്വാമി അയ്യര്‍ നിയോഗിച്ച ജീവനക്കാരൻ മാത്രമായിരുന്നു.

കേരളത്തിലെ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആഘോഷിക്കപ്പെടുന്നതു പോലെ പി.എൻ. പണിക്കരല്ലെന്ന് രേഖകളുടെ പിൻബലത്തോടെ സമർത്ഥിക്കയാണ് കവിയും നാടകകൃത്തും സി.പി.എം നേതാവുമായ പിരപ്പൻകോട് മുരളി തൻ്റെ പുതിയ പുസ്തകത്തിൽ.

പ്രസ്ഥാനത്തിന്റെ ജന്മവും വളർച്ചയും നേരിട്ട പ്രതിസന്ധികളുമെല്ലാം സമഗ്രമായി വിവരിക്കുന്ന ഒരു പുസ്തകമാണ് ഇദ്ദേഹത്തിൻ്റേതായി പുറത്തിറങ്ങിയിരിക്കുന്നത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് കേരള “ഗ്രന്ഥശാലാ പ്രസ്ഥാനം” എന്ന ഈ പുസ്തകത്തിന്റെ പ്രസാധകർ. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ വലിയ സംവാദത്തിന് വഴി തുറക്കാവുന്ന വെളിപ്പെടുത്തലുകളാണ് പിരപ്പൻകോട് നടത്തുന്നത്.

അമ്പലപ്പുഴ പ്രൈമറി സ്‌കൂളില്‍ അധ്യാപകനായിരുന്ന പി.എന്‍. പണിക്കരെ 50 രൂപ അലവന്‍സും 30 രൂപ യാത്രപ്പടിയും നല്‍കിയാണ് തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന്റെ സെക്രട്ടറിയായി സര്‍ സി.പി. നിയമിച്ചത്. മലബാറിലുണ്ടായ കേരളഗ്രന്ഥശാലാസംഘത്തെ തിരുവിതാംകൂറില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ നിരോധിക്കുകയല്ല, തനിക്കനുകൂലമായ ഗ്രന്ഥശാലാസംഘത്തെ സൃഷ്ടിച്ച് കേരളമെന്ന ആശയത്തെത്തന്നെ തടയാനും സ്വതന്ത്ര തിരുവിതാംകൂര്‍ മോഹം സഫലമാക്കാനുമാണ് സര്‍ സി.പി. ആഗ്രഹിച്ചത് പുസ്തകത്തില്‍ പറയുന്നു.

1937 ജൂണ്‍ 11ന് കോഴിക്കോട് ടൗണ്‍ഹാളിലായിരുന്നു കേരളത്തിലെ സംഘടിത ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ രൂപവത്കരണയോഗം നടന്നത്. 1945 സെപ്റ്റംബര്‍ 14ന് അമ്പലപ്പുഴയിലാണ് തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘം രൂപവത്കരിക്കുന്നത്. സര്‍ സി.പി.യാണ് അത് ഉദ്ഘാടനംചെയ്തത്.

2006-11ലെ വി.എസ് ഭരണകാലത്ത് ഗ്രന്ഥശാലാ സഹകരണസംഘം സ്വദേശാഭിമാനിയുടെ സമ്പൂർണകൃതികൾ പ്രസിദ്ധീകരിക്കാൻ ശ്രമിച്ചപ്പോൾ പാർലമെന്ററികാര്യമന്ത്രിയായിരുന്ന എം. വിജയകുമാറിൽ നിന്നുണ്ടായ അലസമായ അവഗണന. ഗ്രന്ഥശാലാ പ്രസ്ഥാനത്തെ തകർക്കുന്ന നീക്കങ്ങൾ ഭരണതലത്തിൽ പലപ്പോഴായി നടന്നതിന്റെ ചരിത്രവഴികൾ എന്നിവ ചർച്ച ചെയ്യുന്നു.

പുസ്തകത്തിൽ പി.എൻ. പണിക്കരുടെ നിലപാടുകളിലെ ആത്മാർത്ഥതയെയും പിരപ്പൻകോട് മുരളി ചോദ്യം ചെയ്യുന്നുണ്ട്. കേരളത്തിൽ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനം തുടങ്ങിവച്ചത് 1829ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതിതിരുനാൾ ആണെന്ന് പിരപ്പൻകോട് വിവരിക്കുന്നു. തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറി സ്ഥാപിച്ചുകൊണ്ടായിരുന്നു അത്. എന്നാൽ കേരളത്തിലെ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ തുടക്കം കേരളത്തിന്റെ വടക്കേയറ്റമായ മലബാറിലായിരുന്നു. 1937ൽ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൽ നിന്ന് കേരളത്തിലെ ഗ്രന്ഥശാലകൾക്കുള്ള സവിശേഷത, അതിന്റെ ജനകീയ അടിത്തറയും സംഘടിത സ്വഭാവവുമാണ്. അതിനെ അട്ടിമറിക്കാൻ പോന്ന നിയമനിർമാണങ്ങൾക്ക് കേരളത്തിലെ ചില പിൽക്കാലസർക്കാരുകൾ മുതിർന്നതും അതിനെ ചെറുത്തുതോല്പിച്ചതുമെല്ലാം പുസ്തകത്തിൽ നാടകീയമായി അവതരിപ്പിക്കുന്നുണ്ട്.

കേരളത്തിൽ മാത്രമുള്ള ജനകീയ ഗ്രന്ഥശാലകളുടെ കൂട്ടായ്മയായ സംഘടിത ഗ്രന്ഥശാലാ സംഘത്തിന്റെ സവിശേഷത ഉൾക്കൊള്ളാൻ തയാറാവാത്തവരിൽ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പിക്ക് പുറമേ പിന്നീടുണ്ടായ ജനകീയസർക്കാരുകളുമുണ്ടായതായി തുറന്നു പറയുന്നു.

മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപ്പിള്ള തന്നെയും കൂട്ടി പ്രൊഫ.ജോസഫ് മുണ്ടശ്ശേരിയെ കാണാൻ ചെന്നതാണ് ഗ്രന്ഥശാലാ പ്രസ്ഥാനചരിത്രാന്വേഷണത്തിൽ തനിക്ക് നാഴികക്കല്ലായതെന്നാണ് മുരളി വിവരിക്കുന്നത്. പി.ജി മുണ്ടശ്ശേരിക്ക് തന്നെ പരിചയപ്പെടുത്തി. ഗ്രന്ഥശാലാസംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണെന്ന് കേട്ടപ്പോൾ പൊട്ടിച്ചിരിയോടെ ആ കൗശലക്കാരൻ പണിക്കരെയൊക്കെ അടുത്തറിയാമല്ലോയെന്ന് മുണ്ടശ്ശേരി ചോദിച്ചു. പണിക്കരുടെ പെറ്റാണ് മുരളിയെന്ന് പി.ജിയുടെ മറുപടി. താൻ പറയുന്നത് തനിക്ക് വിഷമമാകുമെങ്കിൽ ക്ഷമിക്കൂവെന്ന് പറഞ്ഞ് മുണ്ടശ്ശേരി വിവരിച്ചു. “ഇപ്പോൾ നിങ്ങൾ കൊട്ടിഘോഷിച്ച് നടക്കുന്ന ഈ ഗ്രന്ഥശാലാസംഘമുണ്ടല്ലോ, അത് യഥാർത്ഥ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിന്തുടർച്ചയല്ല. സർ സി.പിയുടെ സ്വതന്ത്ര തിരുവിതാംകൂർ ഗ്രന്ഥശാലാസംഘത്തിന്റെ പിന്തുടർച്ചയാണ്.”

ഞെട്ടലോടെയാണ് ഞാനത് കേട്ടത്. വ്യക്തമായി പറയണമെന്ന് പറഞ്ഞു. മുണ്ടശ്ശേരി തുടർന്നു: എടോ, പണ്ട് ആർക്കിമിഡിസ് യുറേക്കാ കണ്ടുപിടിച്ച പോലെ ഗ്രന്ഥശാലാപ്രസ്ഥാനം തങ്ങളുടെ കണ്ടുപിടുത്തമാണെന്ന് പറഞ്ഞ് നടക്കുന്ന കൂട്ടരില്ലേ. അവർ സർ സി.പിയുടെ സ്വതന്ത്ര തിരുവിതാംകൂർവാദത്തിന്റെ ചട്ടുകങ്ങളാണ്. യഥാർത്ഥത്തിൽ കേരളത്തിൽ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ആദ്യമായി രൂപം നൽകിയത് 1937ൽ കെ. ദാമോദരന്റെ മലബാർ വായനശാലാ സംഘമാണ്. ദാമോദരൻ ശുദ്ധാത്മാവാണ്. കമ്യൂണിസ്റ്റുകാർക്ക് പോലും ഇന്നയാളെ ഇഷ്ടമല്ല. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ആ പ്രസ്ഥാനം. ഒരു ഘട്ടത്തിൽ ദാമോദരനടക്കം അതിന്റെ നേതാക്കളിൽ പലരും ജയിലിലും ഒളിവിലുമായപ്പോൾ അവശേഷിച്ചവർ 1943ൽ അത് കേരളമാകെ വ്യാപിപ്പിക്കാൻ കേരള ഗ്രന്ഥാലയസംഘമാക്കി പുന:സംഘടിപ്പിച്ചു. അത് മുതലാണ് ഞങ്ങളൊക്കെ അതിന്റെ പ്രവർത്തകരായത്.

ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ കേരള ഗ്രന്ഥാലയസംഘം തിരുവിതാംകൂറിൽ കടക്കാതിരിക്കാനാണ് 1940ൽ തിടുക്കപ്പെട്ട് സിൽബന്ധികളെ ഉപയോഗിച്ച് സർ സി.പി അഖിലതിരുവിതാംകൂർ ഗ്രന്ഥശാലാസംഘം തട്ടിക്കൂട്ടിയത്. സി.പി ഭക്തന്മാർ സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് മന്ത്രിമാരെ സംഘം പ്രസിഡന്റുമാരാക്കി. ഗാന്ധിയന്മാരും ദേശീയവാദികളുമായി സ്വയം മാറി.

1937കാലത്തെ മാതൃഭൂമിയും 40കളിലെ തിരുവിതാംകൂർ രാഷ്ട്രീയവും പഠിച്ച് താല്പര്യമുണ്ടെങ്കിൽ ഒരന്വേഷണം നടത്തി ഇതേക്കുറിച്ചെഴുതൂവെന്ന് അന്ന് മുണ്ടശ്ശേരി ഉപദേശിച്ച് വിട്ടപ്പോൾ തുടങ്ങിയ മോഹമാണ് പ്രസ്ഥാനത്തിന്റെ ചരിത്രാന്വേഷണം. സംഘർഷഭരിതവും സംഭവബഹുലവുമായിരുന്ന അന്നത്തെ ഗ്രന്ഥശാലാക്കാലത്ത് അതിന് സന്ദർഭം കിട്ടിയില്ല. ഇപ്പോഴുമത് ചെയ്തില്ലെങ്കിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ വയറ്റുപിഴപ്പിന്റെ മറ്റൊരു മതമാക്കിയേക്കാനും മതി. അതൊഴിവാക്കാനാണ് ഈ ചരിത്രാന്വേഷണമെന്നും പിരപ്പൻകോട് വിശദീകരിക്കുന്നു.

സർ സി.പി തട്ടിക്കൂട്ടിയ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യയോഗം നടന്ന അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയുടെ സെക്രട്ടറിയായിരുന്നു പി.എൻ. പണിക്കർ. ആദ്യ സെക്രട്ടറിയായത്, അതിന്റെ പിൻബലത്തിലാണ്. ” 1957ലെ ആദ്യ കമ്യൂണിസ്റ്റ്സർക്കാർ വന്നപ്പോൾ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയെയും, തുടർന്ന് അതതുകാലത്തെ മന്ത്രിമാരെയും സംഘത്തിന്റെ പ്രസിഡന്റാക്കി.

സംഘത്തിൽ തന്നിഷ്ടം നടപ്പാക്കിയിരുന്ന സൂത്രശാലിയും സമന്വയനുമായ സംഘം ജനറൽസെക്രട്ടറി പി.എൻ. പണിക്കർ മന്ത്രിമാരെ സന്ദർശിച്ച്, കീഴ്വഴക്കമനുസരിച്ച് സംഘത്തിന്റെ പ്രസിഡന്റാക്കണമെന്ന് അഭ്യർത്ഥിച്ചു. മന്ത്രിക്ക് പിടിപ്പത് പണിയുണ്ടെന്നും സംഘത്തിന്റെ കാര്യം നോക്കാൻ ഗ്രന്ഥശാലാ പ്രവർത്തകരിൽ പ്രാപ്തിയുള്ള ഒരാളെ പ്രസിഡന്റാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിരോധമില്ലെങ്കിൽ അന്ന് എം.എൽ.എയും യുവാവുമായിരുന്ന പി. ഗോവിന്ദപിള്ളയെ പോലൊരാളെ പ്രസിഡന്റാക്കരുതോയെന്നും സ്വകാര്യസംഭാഷണത്തിൽ അദ്ദേഹം ചോദിച്ചു. ആലോചിക്കാമെന്ന് അർദ്ധോക്തിയിൽ മറുപടി കൊടുത്ത് അദ്ദേഹം തടിതപ്പിയെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അവിടെ തുടങ്ങുന്നു സംഘത്തിലെ വലതുപക്ഷകലാപം. “- പിരപ്പൻകോട്.

ഗ്രന്ഥശാലാ സംഘത്തിന്റെ ജനകീയസ്വഭാവം തകർത്ത് ലൈബ്രറിബോർഡ് സ്ഥാപിക്കാനുള്ള ബിൽ നിയമസഭയിൽ കൊണ്ടുവന്നതും കോഴിക്കോട്ടെ ഗ്രന്ഥശാലാ പ്രവർത്തകരുടെ സംസ്ഥാന സമ്മേളനത്തിൽ വച്ച് ബില്ലിന്റെ യഥാർത്ഥ ചതിക്കുഴികൾ തിരിച്ചറിഞ്ഞ സി. അച്യുതമേനോന്റെ ഇടപെടലിൽ അത് പിന്നീട് മരവിപ്പിക്കപ്പെട്ടതുമെല്ലാം പുസ്തകത്തിലുണ്ട്. പി. ഗോവിന്ദപ്പിള്ളയുമൊത്ത്, അന്നത് അച്യുതമേനോനെ ബോദ്ധ്യപ്പെടുത്തിയ ആളെന്ന നിലയ്ക്കുള്ള നേരനുഭവത്തിന്റെ സത്യസന്ധത ഇതിലറിയാം. പിൽക്കാലത്ത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനകീയത നിലനിറുത്താനുതകുന്ന സമഗ്രനിയമം 1987ലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന കെ. ചന്ദ്രശേഖരനെക്കൊണ്ട് അംഗീകരിപ്പിച്ചെടുക്കാനായതും വിവരിക്കുന്നു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....