മലയാള സിനിമയിലെ വെറ്ററൻ ടീം മോഹൻലാൽ – ബി.ഉണ്ണികൃഷ്ണൻ – ഉദയകൃഷ്ണ സംഘം ഒരുക്കുന്ന മാസ് എന്റർടെയ്നർ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ചിത്രത്തിന്റെ ടിക്കറ്റ് പ്രീ ബുക്കിങ് ഗൾഫ് രാജ്യങ്ങളായ യു.എ.ഇ, ഒമാൻ , ബഹറൈൻ, എന്നിവിടങ്ങളിൽ ആരംഭിച്ചു.
ഗൾഫ് നാടുകളിൽ നല്ല പ്രതികരണം ആറാട്ടിന് ലഭിക്കുമെന്ന് അണിയറക്കാർ ഉറച്ചു വിശ്വസിക്കുന്നു. ആരാധകർക്കും കുടുംബപ്രേക്ഷകർക്കും ഒരു പോലെ ഇഷ്ടപെടുന്ന ഒരു ചിത്രമായിരിക്കും ആറാട്ടെന്നാണ് എല്ലാവരുടേയും പ്രതീക്ഷ.
ഫെബ്രുവരി 18-നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു.
സംഗീതമാന്ത്രികൻ എ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. മലയാള സിനിമ പുതുതലമുറ കയ്യടക്കുമ്പോൾ തരംഗം തീർക്കാൻ തീവ്രശ്രമത്തിലാണ് രംഗത്തെ സീനിയർ മോസ്റ്റുകൾ
വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.