പ്രതിവർഷം വിദേശ മെഡിക്കൽ ഡിഗ്രിയുമായി ഇന്ത്യയിൽ എത്തുന്നത് 20,000 യുവ ഡോക്ടർമാരാണ്. ഇവരിൽ കാൽ ഭാഗം മാത്രമാണ് തുടർന്ന് രാജ്യത്ത് പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ പരീക്ഷ ജയിക്കുന്നത്. ബാക്കിയുള്ളവർ എവിടെക്കാണ് പോകുന്നത്. അവരടെ തൊഴിൽപരവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ എന്താണ് അവഗണിക്കപ്പെടുന്നത്. ആരോഗ്യ രംഗത്ത് ഇതുണ്ടാക്കുന്ന പരിക്കുകൾക്ക് സർക്കാർ തലത്തിൽ എന്ത് പരിഹാരമാണ് ഉള്ളത്. ഇപ്പോഴും അവ്യക്തതയും കച്ചവട സാധ്യകൾ മാത്രം കണ്ടുള്ള കരുക്കളുമാണ് ഈ രംഗത്ത് തുടരുന്നത്.
ആതുര സേവന രംഗത്ത് നമുക്ക് ആവശ്യത്തിന് ഡോക്ടർമാർ ഇപ്പോഴും ലഭ്യമല്ല. സെന്റർ ഫോർ ഡിസീസ് ഡൈനാമിക്‌സ് എക്കോണമിക്‌സ് ആന്റ് പോളിസിയുടെ (സിഡിഡിഇപി) യുടെ കണക്കു പ്രകാരം ഇന്ത്യയിൽ 6 ലക്ഷം ഡോക്ടർമാരുടെ കുറവുണ്ട്. 1000 രോഗിക്ക് ഒരു ഡോക്ടർ എന്ന നിലയിലാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന രോഗി-ഡോക്ടർ അനുപാതം. ഇന്ത്യയിൽ അത് 1 : 10,189 ആണ്.
ഡോക്ടർമാർക്ക് ഇപ്പോഴും ക്ഷാമം
ഇന്ത്യയിൽ 90,000 മെഡിക്കൽ സീറ്റുകളാണ് ഉള്ളത്. ഇന്ത്യയിൽ മെഡിക്കൽ ബിരുദം പൂർത്തിയാക്കുന്നവരാണ് നിലവിൽ ഇവിടെ പ്രാക്ടീസ് ചെയ്യുന്നവരിൽ ഭൂരിഭാഗവും. അങ്ങിനെ വരുമ്പോൾ എല്ലാ വർഷവും വിദേശരാജ്യങ്ങളിൽ നിന്ന് എംബിബിഎസ് ബിരുദം നേടി വരുന്ന 20,000 ഡോക്ടർമാർ എവിടെ എന്ന ചോദ്യംവരുന്നു. ഇതിലാണ് കൊഴിഞ്ഞ് പോക്ക് വ്യക്തമാവുന്നത്.
വിദേശരാജ്യങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന പതിനായിരക്കണക്കിന് യുവ ഡോക്ടർമാർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനോ ഉപരിപഠനം നടത്തുവാനോ സാധിക്കുന്നില്ല. ഇതിന് പല കാരണങ്ങളുണ്ട്. പ്രധാനമായും വിദേശ രാജ്യങ്ങളിൽ നിന്ന് എംബിബിഎസ് ഡിഗ്രി കരസ്ഥമാക്കുന്നവർ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ ഫോറിൻ മെഡിക്കൽ ഗ്രാജുവേഷൻ (എഫ്എംജി) പരീക്ഷ പാസാകണം. പരീക്ഷ അഭിമുഖീകരിക്കുന്നവരിൽ 20 മുതൽ 25% പേർ മാത്രമേ യോഗ്യത നേടുന്നുള്ളൂ.
‘വിദേശത്ത് നിന്ന് മെഡിസിനിൽ ബിരുദം നേടുന്നവർ തുടർച്ചയായി എഫ്എംജി പരീക്ഷ തോൽക്കുന്നു എന്നർത്ഥം. നിയന്ത്രണ ബോർഡുകൾ പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ എംബിബിഎസ് ബിരുദത്തിനായി കടൽ കടക്കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ കോഴ്സുളുടെ നിലവാരം വിലയിരുത്തുന്നില്ല. സ്വയം തെളിയിക്കാൻ വിദ്യാർഥികളെ വിധിക്ക് വിട്ടുകൊടുക്കുന്ന നിലപാടാണ്. എന്തുകൊണ്ട് ഈ പ്രശ്‌നത്തിൽ ഇതുവരെ നാഷ്ണൽ മെഡിക്കൽ കമ്മീഷനോ (NMC), മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയോ യാതൊരു വിധത്തിലുള്ള നടപടിയും കൈക്കൊള്ളാത്തത് എന്ന സംശയവും നിലനിൽക്കുന്നു.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വിദേശത്ത് നിന്ന് എംബിബിഎസ് ബിരുദം എടുക്കാൻ ആഗ്രഹിക്കുന്നവർക്കായി അംഗീകൃത സർവകലാശാലകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ 2020 ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് പകരം സ്ഥാപിതമായ എൻഎംസി ഈ ഉത്തരവാദിത്തത്തിൽ നിന്നും മാറി. മാത്രമല്ല, എൻഎംസി വിദേശ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ലിസ്റ്റിനെ പിന്തുണയ്ക്കുന്നില്ലെന്നു നിലപാടെടുത്തു. വിദ്യാർത്ഥികൾ സ്വയം സർവകലാശാലകളെ കുറിച്ച് അന്വേഷിക്കണമെന്നാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാൽ വിദേശ രാജ്യത്തെ ഒരു സർവകലാശാലയെ കുറിച്ച് ഇന്ത്യയിലെ ഒരു സാധാരണ വിദ്യാർത്ഥിക്ക് എത്രമാത്രം അന്വേഷിക്കാൻ സാധിക്കും എന്നതിന് ഉത്തരമില്ല. ചുരുക്കത്തിൽ ഇത് കോടികൾ മറയുന്ന കച്ചവടമാണ്.
നീറ്റ് പരീക്ഷ എന്തിനു വേണ്ടിയെന്ന ലക്ഷ്യം മറക്കുന്നു
ഓരോ വർഷവും നീറ്റ് പരീക്ഷയ്ക്കായി എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. 2020 ലെ നീറ്റ് പരീക്ഷയിൽ പങ്കെടുത്ത 13.66 ലക്ഷം പേരിൽ 7.71 ലക്ഷം പേർ മാത്രമാണ് ക്വാളിഫൈ ചെയ്തതെങ്കിൽ 2021 ൽ 15.44 ലക്ഷം പേരിൽ 8.70 ലക്ഷം വിദ്യാർത്ഥികൾ മാത്രമാണ് നീറ്റ് കടമ്പ ചാടിക്കടന്നത്.
ഇങ്ങനെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ പാസാകുമ്പോഴും രാജ്യത്ത് എംബിബിഎസിനായി ആകെയുള്ളത് 90,000 സീറ്റുകൾ മാത്രമാണ്. ബാക്കിയുള്ളവരിൽ അധികം പേരും വിദേശ നാടുകളെ എംബിബിഎസ് പഠനത്തിനായി ആശ്രയിക്കുന്നു. പക്ഷേ ഇവർക്ക് ഇന്ത്യയിലെത്തി പ്രാക്ടീസ് ചെയ്യുക എളുപ്പമല്ല.
എഫ് എം ജി പരീക്ഷ എന്താണ് പരീക്ഷിക്കുന്നത്
എഫ്എംജിഇ പരീക്ഷ പരീക്ഷ പസായി എത്തുന്നവരുടെ നിലവാരം എങ്ങിനെയാണ് അളക്കുന്നത്. 50% മാർക്ക് വാങ്ങിയാൽ മാത്രമേ പരീക്ഷ പാസാകുവാനുള്ള ഗ്രേഡ് ലഭിക്കുകയുള്ളു. ഓരോ വർഷവും രണ്ടുതവണ പരീക്ഷ നടത്താറുണ്ട്. എത്ര തവണ വേണമെങ്കിലും ഉദ്യോഗാർത്ഥിക്ക് പരീക്ഷയിൽ പങ്കെടുക്കാം.
എന്നാൽ ശതമാനക്കണക്കിലുള്ള ഈ വിജയമാനദണ്ഡം യുക്തിയല്ലെന്ന് കാണിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് 2020 ൽ അസോസിയേഷൻ ഓഫ് എംഡി ഫിസിഷ്യൻസ് കത്തെഴുതിയിരുന്നു. രാജ്യത്തെ മറ്റ് മുൻനിര പരീക്ഷകളായ നീറ്റ്-യുജി, നീറ്റ്-പിജി, ഐഐടി-ജെഇഇ, ക്ലാറ്റ്, കാറ്റ് എന്നീ പരീക്ഷകളെല്ലാം പെർസന്റൈൽ കണക്കിലാകുമ്പോൾ എന്തുകൊണ്ടാണ് എഫ്എംജി പരീക്ഷ മാത്രം പർസന്റേജ് കണക്കിലെന്ന് സംശയം ഉന്നയിക്കപ്പെട്ടു. പെർസന്റൈൽ കണക്കിലാണ് പരീക്ഷ നടത്തുന്നതെങ്കിൽ 35% സ്‌കോർ കരസ്ഥമാക്കുന്നവർക്കും പരീക്ഷയിൽ വിജയിക്കാം.
പരീക്ഷ നടത്തുന്ന നാഷ്ണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ എഫ്എംജി പരീക്ഷയുടെ ആൻസർ കീ പുറത്ത് വിടുകയോ, റീവാല്വേഷന് അവസരം നൽകുകയോ ചെയ്യുന്നില്ല. ഇത് എന്തിനെന്നും ചോദ്യമുയരുന്നു.
ഓരോ തവണയും എഫ്എംജി പരീക്ഷയ്ക്കായി ഉദ്യോഗാർത്ഥികൾ 7,200 രൂപ ഫീസ് ഇനത്തിൽ നൽകണം. മറ്റ് പരീക്ഷകൾക്കുള്ള ഫീസ് തുക 2000 രൂപ മുതൽ 4000 രൂപ വരെ മാത്രമാണെന്നിരിക്കെയാണ് ഈ വ്യത്യാസം.
തീർന്നില്ല, എഫ്എംജി പരീക്ഷ പാസാകുന്ന യുവഡോക്ടർ ഇന്ത്യയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനായി സർക്കാരിന് 1.2 ലക്ഷം രൂപ നൽകണം. ഇന്ത്യയിലെ തന്നെ പ്രൈവറഅറ് മെഡിക്കൽ കോളജുകളിൽ പഠനം പൂർത്തിയാക്കിയ ഡോക്ടറാണെങ്കിൽ 6000 രൂപ മാത്രം സർക്കാരിന് നൽകിയാൽ മതി ! പരീക്ഷ ജയിച്ചാലും, തോറ്റാലും ചിലവ് നൽകണം.
സർക്കാർ തന്നെ വിദ്യാർത്ഥികളെ വിദേശത്ത് പോയ് എംബിബിഎസ് പഠിക്കാനായി അനുവദിക്കുമ്പോൾ എന്തിനാണ് പഠനം പൂർത്തിയാക്കി മടങ്ങി വരുമ്പോൾ അവരോട് ഇത്ര വിവേചനം കാണിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം. ഇതല്ലെങ്കിൽ സർക്കാർ സർട്ടഫൈഡ് യൂണിവേഴ്സിറ്റികൾ ലിസ്റ്റ് ചെയ്യണം. അധ്യായന നിലവാരം വിലയിരുത്തി റാങ്കിങ് നൽകാൻ സംവിധാനം വേണം.
എഫ്എംജി പരീക്ഷ പാസാകാത്ത എംബിബിഎസ് ബിരുദധാരികൾക്ക് എന്ത് സംഭവിക്കുന്നു എന്നത് കൂടി ആരോഗ്യ രംഗത്തെ ആശങ്കയാണ്. പരീക്ഷ പാസാകാത്ത കുറഞ്ഞത് 30,000 ഡോക്ടർമാരെങ്കിലും പല സ്വകാര്യ ആശുപത്രികളിലും‘ക്ലിനിക്കൽ അസിസ്റ്റന്റ്’ ആയും റൂറൽ ആശുപത്രികളിൽ ‘ഒളിച്ച്’ പ്രാക്ടീസ് ചെയ്തു ആരോഗ്യ രംഗത്ത് ഉണ്ടെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇത് കേരളത്തിലെ ആരോഗ്യ രംഗത്തെ എങ്ങനെ ബാധിക്കുന്നു എന്നത് പ്രശ്നമാണ്. ഉത്തരേന്ത്യയിലെയും മറ്റും ഉൾനാടൻ പ്രദേശങ്ങളിൽ ഇവർ എന്തു ചെയ്യുന്നു എന്നതും ഗൌരവതരമാണ്.
ഈ സാഹചര്യത്തിൽ മെഡിക്കൽ രംഗത്തെ ഗുണനിലവാര പ്രശ്നങ്ങൾ അഭിമുഖീരിക്കാൻ സർക്കാരുകൾ തയാറാവേണ്ടതുണ്ട്. വെറും യോഗ്യതാ പരീക്ഷ ജയിക്കലിൻ്റെയും തോൽക്കലിൻ്റെയും പ്രശ്നമല്ല ഇതിലുള്ളത്. കോടികളുടെ ബിസിനസ് താത്പര്യങ്ങളുള്ള മേഖലയുമാണ്.