സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് മുതിര്‍ന്ന നേതാവ് പി.കെ.ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മറ്റൊരു മുതിര്‍ന്ന നേതാവ് വി.കെ.ചന്ദ്രനേയും സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി.
ചൊവ്വാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത്. ജില്ലയിൽ വിഭാഗീയതക്ക് നേതൃത്വം നൽകിയത് ഇവർ മൂന്നു പേരുമെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പി.കെ. ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി പരാതിയിൽ നടപടി പിന്നീട് സ്വീകരിക്കും.
പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയെ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ മൂവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നേതാക്കള്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.
കൊല്ലങ്കോടും നടപടി
സിപി എം വിഭാഗീയതയുടെ പേരിൽ കൊല്ലങ്കോട് ഏരിയ കമിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കി. 5 പേരെ തിരിച്ചെടുത്തു. മുൻ ഏരിയ സെക്രട്ടറി യു അസീസ് ഉൾപ്പടെയുള്ളവരെയാണ് തിരിച്ചെടുത്തത്. കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ പാനലിൽ ഉണ്ടായിട്ടും വോട്ടെടുപ്പിൽ തോറ്റു പോയവരാണ് ഇവർ. പുതുനഗരം , കൊല്ലങ്കോട് ലോക്കൽ സെക്രട്ടറിമാരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടും. വിഭാഗീയതയെ കുറിച്ചു പഠിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി


