എയർ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില 12 ശതമാനം കുറഞ്ഞു. ഇതിൻ്റെ പശ്ചാത്തലത്തിൽ വിമാന കമ്പനികളുടെ ഭാരിച്ച ചെലവ് കുറയും. അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടർന്നാണ് ജെറ്റ് ഇന്ധനത്തിന്റെ വില താഴ്ന്നത്.
ഈ വർഷം ഇത് മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. കിലോലിറ്ററിന് 141,232.87 രൂപയായിരുന്നു ജൂൺ മാസത്തിലെ വില. ഈ വർഷം ആരംഭിച്ചതിന് ശേഷം 11 തവണ നിരക്ക് വർധിപ്പിച്ചിരുന്നു. ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ജെറ്റ് ഇന്ധനമായതിനാൽ, വിലയിലെ വർദ്ധനവ് വിമാനത്തിന്റെ ചെലവും വർധിപ്പിക്കും. ഇപ്പോഴുള്ള മാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറയേണ്ടതാണ്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വിജ്ഞാപനമനുസരിച്ച്, ഡൽഹിയിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (Aviation turbine fuel) വില കിലോലിറ്ററിന് 1.21 ലക്ഷം രൂപയാകും. നേരത്തേ കിലോലിറ്ററിന് 138,147.93 രൂപയായിരുന്നു ഈടാക്കിയിരുന്നത്.
സാധാരണഗതിയിൽ എല്ലാ മാസവും 1, 16 തീയതികളിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില പരിഷ്കരിക്കാറുണ്ട്. രണ്ടാഴ്ചയിലെ അന്താരാഷ്ട്ര എണ്ണവിലയുടെ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ധനവില പരിഷ്ക്കരിക്കുന്നത്. ഒരു കിലോലിറ്റർ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില മുംബൈയിൽ 1,20,875.86 ആണ്. കൊൽക്കത്തയിൽ 1,26,516.29-ൽ എടിഎഫ് ലഭ്യമാണ്. രാജ്യാന്തര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവ് കണക്കിലെടുത്താണ് വിമാന ഇന്ധന വിലയിൽ കുറവ് വരുത്തുന്നത്.
വാണിജ്യ സിലിണ്ടറുകൾക്കും വില കുറഞ്ഞു
വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസിൻ്റെ വിലയും കുറഞ്ഞു. സിലിണ്ടറിന് 36 രൂപയാണ് കുറവ് വന്നത്. 19 കിലോ സിലിണ്ടറിലാണ് ഇത്. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൽ വ്യത്യാസം ഇല്ല.