വേണ്ടിവന്നാല്‍ കര്‍ണാടകത്തില്‍ യോഗി ആദിത്യനാഥ് മോഡല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെ. സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഉത്തര്‍പ്രദേശിലെ സാഹചര്യത്തിന് യോഗി ആദിത്യനാഥാണ് ഉചിതനായ മുഖ്യമന്ത്രി. അതുപോലെ കര്‍ണാടകത്തിലെ സാഹചര്യവുമായി ഇടപെടാനും വിവിധ രീതികളുണ്ട്. സാഹചര്യം ആവശ്യപ്പെട്ടാല്‍ യോഗി ആദിത്യനാഥ് മോഡല്‍ ഭരണം കര്‍ണാടകത്തിലും വരുമെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു.
സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ബൊമ്മെൈ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് യോഗി മോഡല്‍ ഭരണം നിലവില്‍ വരണമെന്ന ഇവരുടെ ആവശ്യത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉത്തര്‍പ്രദേശില്‍ നടക്കുന്ന ‘ദേശവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാന്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ച ബുള്‍ഡോസര്‍ നടപടി പോലെയുള്ള ശക്തമായ നടപടികളെയാണ് യോഗി മോഡല്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകത്തില്‍ സമാനമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഒരുവിഭാഗം ബിജെപി പ്രവര്‍ത്തകരുടെ ആവശ്യം. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലടക്കം ഈ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം പാര്‍ട്ടിക്കുള്ളില്‍ തന്നെ കലാപസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. യുവ പ്രവര്‍ത്തകരില്‍ പലരും രാജി പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ നേതൃത്വത്തിനും സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനും കഴിയില്ലെന്ന് ആരോപിച്ചായിരുന്നു രാജി.
സംസ്ഥാനത്തെമ്പാടും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ പലതും സംഘര്‍ഷാവസ്ഥയിലെത്തി.
നേർക്കു നേർ കൊലപാതകങ്ങൾ
ബെല്ലാരെയിലെ അക്ഷയ പൗള്‍ട്രി ഫാം ഉടമയായ പ്രവീണ്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. കടയുടെ ഷട്ടര്‍ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈക്കിലെത്തിയ രണ്ടു പേര്‍ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനു ശേഷം ഇവര്‍ കേരളത്തിലേക്ക് രക്ഷപ്പെട്ടുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. കഴുത്തിന് ആഴത്തില്‍ വെട്ടേറ്റ പ്രവീണ്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.
കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ബെല്ലാരെ നഗരത്തില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ സുള്ള്യ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ ബുധനാഴ്ച ഹര്‍ത്താല്‍ നടത്തി. മൃതദേഹവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്താനിരുന്ന വിലാപയാത്ര പോലീസ് തടഞ്ഞതും ബെല്ലാരെയില്‍ സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി.പ്രാദേശിക നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. സ്ഥലത്തെത്തിയ നളിന്‍ കുമാര്‍ കട്ടീല്‍ എം.പിയെ കാറില്‍നിന്നിറങ്ങാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബെംഗളൂരുവില്‍ പ്രത്യേക യോഗം വിളിച്ച് വിവരങ്ങള്‍ വിശകലനം ചെയ്തു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് സുള്ള്യയില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവിടെ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിലാണ് കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിരുന്നു


