പ്രസവശസ്ത്രക്രിയക്കിടെ സർജിക്കൽ കോട്ടൺ തുണി ഗർഭപാത്രത്തിൽ കുടുങ്ങിയ കാരണം യുവതി മാസങ്ങളോളം വേദന തിന്നു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്കാണ് ദുരനുഭവം. തുണി കുടുങ്ങിയതിനാൽ എട്ടുമാസത്തോളം പല ആരോഗ്യപ്രശ്നങ്ങളുണ്ടായി. പല തവണ പരാതിപ്പെട്ടിട്ടും ഡോക്ടർ ഇത് പരിശോധിച്ചറിഞ്ഞില്ല. മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തുണി കണ്ടെത്തി. മണിക്കൂറുകൾനീണ്ട തുറന്ന ശസ്ത്രക്രിയക്കുശേഷമാണ് പുറത്തെടുത്തത്.
നെയ്യാറ്റിൻകര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ് (24) അനാസ്ഥയ്ക്കിരയായത്. യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പ്രസവശസ്ത്രക്രിയ നടത്തിയ ഡോക്ടർ സുജാ അഗസ്റ്റിന്റെ പേരിൽ പൊലീസ് കേസെടുത്തു.
കഴിഞ്ഞവർഷം ജൂലായ് 26-നാണ് പ്രസവശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ശസ്ത്രക്രിയാസമയത്ത് ഉപയോഗിക്കുന്ന തുണി ഗർഭപാത്രത്തിൽ നിന്നും മാറ്റാതെ അശ്രദ്ധമായി ശരീരം തുന്നിച്ചേർത്തു. ആറുദിവസത്തിനുശേഷം വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയതോടെ ഇവർക്ക് സ്ഥിരം ആരോഗ്യപ്രശ്നങ്ങളുണ്ടായി. വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പ് എന്നിവ തുടർന്നതിനാൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെത്തന്നെ കാണിച്ചു. എന്നാൽ, ഗർഭപാത്രം ചുരുങ്ങാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്നും മരുന്നുകൾ കഴിച്ചാൽ ശരിയാകുമെന്ന് മറുപടി നൽകി തിരിച്ചയച്ചു.
പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ വിദഗ്ധ ചികിത്സതേടി. ഇവിടെ സ്കാനിങ്ങിലാണ് ഗർഭപാത്രത്തിൽ തുണി കണ്ടെത്തിയത്. ശസ്ത്രക്രിയയും 20 ദിവസത്തെ ആശുപത്രിവാസവും കഴിഞ്ഞാണ് ഡിസ്ചാർജ് ചെയ്തത്. ഡോക്ടർ സുജാ അഗസ്റ്റിനെതിരെ വകുപ്പ് തല നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. പൊലീസ് എഫ് ഐ ആർ ഇട്ടു.


