കുഞ്ഞ് ശസ്ത്രക്രിയയ്ക്കായി 36 മണിക്കൂര്‍ ജലപാനമില്ലാതെ കാത്തിരിക്കേണ്ടി വന്ന സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാര്‍ കുറ്റക്കാർ. സർക്കാർ ആശുപത്രിയിലെ ആഭ്യന്തര അന്വേഷണത്തില്‍ ഇവർ നടത്തിയത് ക്രൂരമായ അവഗണനയാണെന്ന് കണ്ടെത്തി. കതകിന് ഇടയില്‍പ്പെട്ട് കൈവിരലുകള്‍ക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ കുഞ്ഞിനായിരുന്നു ദുരവസ്ഥ.
അനസ്‌തേഷ്യ, ഓര്‍ത്തോ, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് ഗുരുതര വീഴ്ചവരുത്തിയതെന്ന് കണ്ടെത്തിയത്. സമയവും സൗകര്യവും ഉണ്ടായിട്ടും ശസ്ത്രക്രിയ വൈകിപ്പിച്ചു. വിവിധ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു എന്നും ആശുപത്രിരേഖകളില്‍ നിന്നു വ്യക്തമായി.
സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണം. ഡോക്ടർമാർക്ക് എതിരെ കടുത്ത നടപടി വേണം എന്ന ആവശ്യങ്ങൾ ശക്തമാണ്. 36 മണിക്കൂർ ഒരു കുഞ്ഞിനെ അന്ന പാനീയങ്ങൾ ഇല്ലാതെ കാത്തിരിപ്പിക്കുകയാണ് ചെയ്തത്. ഇതിൽ ആരോഗ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കരമന സത്യന്‍ നഗറില്‍ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ മകള്‍ക്കു അപകടം സംഭവിച്ചത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ജനറല്‍ ആശുപത്രിയിലും കൊണ്ടുപോയി. പരിക്ക് ഗുരുതരമായതിനാല്‍ ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്നു നിർദ്ദേശിച്ചു. ഇതിൻ്റെ മുന്നോടിയായി കുഞ്ഞിനു ഭക്ഷണം നല്‍കരുതെന്നും പറഞ്ഞാണ് ജനറല്‍ ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്.
മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോയിലെ പരിശോധനയ്ക്കുശേഷം വിരലില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ തീരുമാനിച്ചു. പരിശോധനകള്‍ക്കായി കുഞ്ഞിനെ അനസ്‌തേഷ്യയിലേക്ക് വിട്ടു. എന്നാല്‍ അനസ്‌തേഷ്യയിലെ ഡോക്ടര്‍ ഇതു എമര്‍ജന്‍സി അല്ലെന്നു പറഞ്ഞ് പരിശോധനകള്‍ പിറ്റേ ദിവസത്തേക്ക് മാറ്റി.
രാവിലെ അനസ്‌തേഷ്യയിലെ പരിശോധന കഴിഞ്ഞെങ്കിലും ശസ്ത്രക്രിയ നടത്തേണ്ട പ്ലാസ്റ്റിക് സര്‍ജന്‍ ജോലിക്ക് വന്നില്ല. പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ മറ്റു ഡോക്ടര്‍മാര്‍ ജോലിക്ക് അസൗകര്യം പറഞ്ഞ് ഒ.പി.യിലേക്ക് പോകുകയും ചെയ്തു.
ഓര്‍ത്തോ ഡോക്ടര്‍ തിരിഞ്ഞു നോക്കിയതുമില്ല. ഒടുവില്‍ കുഞ്ഞിന്റെ അമ്മ ഡിന്നി റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളെയും കൗണ്‍സിലറെയും ഫോണില്‍ വിളിച്ച് പരാതി അറിയിച്ചു. ഇവര്‍ ഇടപെട്ടതിനൊടുവില്‍ ശനിയാഴ്ച രാത്രി 8.30-ഓടെയാണ് ശസ്ത്രക്രിയ നടത്തിയത്. അപ്പോഴേക്കും കുഞ്ഞ് തളർന്നിരുന്നു.