ബി.ജെ.പിയുമായി കൈകോര്‍ക്കുന്നതിന് മുന്‍പ് ഏക്നാഥ് ഷിന്ദേ, തങ്ങളുടെ കുടുംബ വീടായ മാതോശ്രീയിലെത്തിയിരുന്നെന്ന് ശിവസേന (യു.ബി.ടി.) നേതാവും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ആദിത്യ താക്കറെ. ബാന്ദ്രയിലെ കുടുംബ വീട്ടിൽ എത്തിയ ഷിന്ദേ തൻ്റെ ഭയം പങ്കു വെച്ചിരുന്നു. ബി.ജെ.പിയുമായി സഖ്യംചേര്‍ന്നില്ലെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ തന്നെ ജയിലിൽ അടക്കുമെന്ന കാര്യം പങ്കു വെച്ചതായും ആദിത്യ താക്കറെ വെളിപ്പെടുത്തി. ഷിന്ദേ അന്ന് ഭയന്ന് കരഞ്ഞുവെന്നും ആദിത്യ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂണില്‍ നാല്‍പ്പതിലധികം എം.എല്‍.എമാരുമായി ശിവസേനയ്ക്കുള്ളില്‍ ഷിന്ദേ കലാപം നടത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണത്. പിന്നാലെ ബി.ജെ.പി. പിന്തുണയോടെ ഏക്നാഥ് ഷിന്ദേ സര്‍ക്കാര്‍ രൂപവത്കരിക്കുകയും മുഖ്യമന്ത്രിയാവുകയുമായിരുന്നു.
മാതോശ്രീയില്‍ എത്തിയ ശേഷം ഏക്നാഥ് ഷിന്ദേ കരഞ്ഞുവെന്നും ബി.ജെ.പിയ്ക്കൊപ്പം ചേര്‍ന്നില്ലെങ്കില്‍ ജയിലിലാകുമെന്നും പറഞ്ഞു- ശിന്ദേയെ കുറിച്ചുള്ള ആദിത്യയുടെ വെളിപ്പെടുത്തലിന് പിന്തുണയുമായി ശിവസേന (യു.ബി.ടി.) നേതാവ് സഞ്ജയ് റാവുത്തും രംഗത്തെത്തി. ആദിത്യ പറഞ്ഞത് നൂറുശതമാനം ശരിയാണെന്നും ഷിന്ദേ തന്നോടും ഇക്കാര്യം പറഞ്ഞിരുന്നെന്നും റാവുത്ത് കൂട്ടിച്ചേര്‍ത്തു. ജയിലില്‍ ആകുന്നതിന്റെ ഭയം ശിന്ദേയുടെ മനസ്സിലും ഹൃദയത്തിലും വ്യക്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആദിത്യ താക്കറെയുടെ അവകാശവാദത്തെ തള്ളി മഹാരാഷ്ട്ര മന്ത്രി ദീപക് കേസര്‍കര്‍ രംഗത്തെത്തി. എങ്ങനെ കള്ളം പറയാമെന്ന് പഠിപ്പിച്ചു കൊടുക്കുന്ന പ്രൊഫഷണല്‍ ടീം ആദിത്യയ്ക്കുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.


