സജി ചെറിയാന്റെ സത്യപ്രതിജ്ഞാ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കുകയാണ് ഉണ്ടായതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും. പ്രശ്നം സംബന്ധിച്ച് പത്ര-മാധ്യമങ്ങളിലടക്കം വിവിധ ചര്‍ച്ചകള്‍ നടന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ തീരുമാനംതന്നെ അംഗീകരിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയെ അറിയിച്ചു. അത് പൊതുവേദിയില്‍ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാല്‍ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതിനല്‍കിയാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സത്യപ്രജിജ്ഞ അനിശ്ചിതത്വത്തിലാകുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇതിനിടെയാണ് ഗവര്‍ണര്‍ വഴങ്ങുകയും ബുധനാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ അനുമതി നല്‍കുകയും ചെയ്തത്. തൊട്ടുപിന്നാലെയാണ് വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായത്.
കോൺഗ്രസ് പ്രക്ഷോഭത്തിന്
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം യു.ഡി.എഫ് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പോലീസ് അന്വേഷണത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കൈകടത്തിയാണ് സജി ചെറിയാന് അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കിയെടുത്തതെന്നും കോടതി തീരുമാനത്തിന് വിധേയമായി മാത്രമേ സജി ചെറിയാന് വീണ്ടും മന്ത്രിയാകാന്‍ സാധിക്കൂവെന്നും സതീശൻ പറഞ്ഞു.
മന്ത്രി സ്ഥാനം രാജിവച്ചിട്ടും ഭരണഘടനയെ അവഹേളിച്ചുള്ള പരാമര്‍ശം പിന്‍വലിക്കാന്‍ സജി ചെറിയാനോ സി.പി.എമ്മോ സര്‍ക്കാരോ തയ്യാറാകാത്ത അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആര്‍.എസ്.എസ്. ആചാര്യനായ ഗോള്‍വാള്‍ക്കര്‍ ഭരണഘടനയെക്കുറിച്ച് പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് സജി ചെറിയാനും പറഞ്ഞത്. ഇതിനോട് സി.പി.എം. യോജിക്കുന്നുണ്ടോയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണം. ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും തകര്‍ക്കാര്‍ സംഘപരിവര്‍ ശക്തികള്‍ ശ്രമിക്കുന്നെന്ന് ദേശീയതലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിക്കുന്ന കാലത്താണ് സി.പി.എം. മന്ത്രിയായിരുന്ന ഒരാള്‍ ഗോള്‍വാള്‍ക്കറെ അനുകൂലിച്ചത്. സജി ചെറിയാന്റെ പ്രസംഗം എം.വി. ഗോവിന്ദന്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞതിനെ സി.പി.എം. അംഗീകരിക്കുന്നുവെന്നാണ് അര്‍ഥം. പ്രസംഗം ഭരണഘടനാ വിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് എം.വി. ഗോവിന്ദനല്ല, കോടതിയാണ്. ഇത് പാര്‍ട്ടി കോടതി തീരുമാനിക്കേണ്ട വിഷയമല്ല.
വി ഡി സതീശൻ പറഞ്ഞു.


