പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം രണ്ട് മണിയോടെ കണ്ണൂർ പാച്ചേനിയിലെ കുടുംബ വീട്ടിലേക്ക് എത്തിച്ചു. നാളെ രാവിലെ 7 ന് ഡിസിസി ഓഫീസിൽ പൊതുദർശനം. സംസ്കാരം 11.30 ന് പയ്യാമ്പലത്ത് നടക്കും.
കറയറ്റ കോൺഗ്രസ് നേതാവ്
2001 ൽ മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെതിരെ വാശിയേറിയ മത്സരം കാഴ്ച വെച്ചതിലൂടെ ശ്രദ്ധേയനായ പാച്ചേനി 2016 മുതൽ 2021 വരെ കണ്ണൂർ ഡിസിസി അധ്യക്ഷനായിരുന്നു. അഞ്ചുതവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചു. 1996 ൽ തളിപ്പറമ്പിൽ നിന്നും നിയമസഭയിലേക്ക് കന്നിയംഗത്തിൽ ഗോവിന്ദൻ മാസ്റ്ററോട് തോറ്റു. 1999 ൽ കെഎസ്യു സംസ്ഥാന പ്രസിഡന്റായി. കോൺഗ്രസിൽ എ ഗ്രൂപ്പിലായിരുന്നു. 2016 ൽ കണ്ണൂർ ജില്ലയിലെ കോൺഗ്രസിന്റെ അമരക്കാരനായതോടെ സുധാകര പക്ഷത്തേക്ക് ചാഞ്ഞു.
2001ല്‍ നിയമസഭയിലേക്ക് മലമ്പുഴയിൽ മത്സരിക്കുന്ന വി എസിനെ നേരിടാൻ കോൺഗ്രസ് കണ്ടുവച്ചത് സതീശന് പാച്ചേനിയെയായിരുന്നു. 25000 ത്തിലേറെ വോട്ടിന് ഇടത് സ്ഥാനാർത്ഥികൾ പുഷ്പം പോലെ ജയിച്ചിരുന്ന മലമ്പുഴയിൽ വിഎസിന്റെ ഭൂരിപക്ഷം വെറും 4703 ആയി. 2006 ലും കൊമ്പുകോർത്തെങ്കിലും വി എസ് പാച്ചേനിയെ നിലംപരിശാക്കി. 2009 ൽ പാലക്കാട് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു.
2016 കോൺഗ്രസ് സിറ്റിംഗ് മണ്ഡലമായ കണ്ണൂരിൽ ഇറങ്ങുമ്പോൾ നിയമസഭാ പ്രവേശം ഉറപ്പിച്ചതാണ് . പക്ഷേ 1196 വോട്ടിന് കടന്നപ്പള്ളിയോട് തോറ്റു. തോൽക്കുന്ന പാച്ചേനിക്ക് കണ്ണൂരിലിനി സീറ്റ് നൽകരുതെന്ന് പാർട്ടിക്കുള്ളിലെ എതിരാളികൾ വാശിപിടിച്ചെങ്കിലും 2021 ലും ടിക്കറ്റ് കിട്ടി. പക്ഷേ ഇക്കുറിയും തോറ്റു. പാർട്ടിക്കുള്ളിലുള്ളവർ കാലുവാരി തോൽപിച്ചതാണെന്ന പരിഭവം പാച്ചേനിക്കുണ്ടായിരുന്നു. നിയമസഭയിൽ ഒരു തവണയും ഇരിക്കാനായില്ല. എങ്കിലും ജനമനസുകളിൽ അംഗീകാരത്തിൻ്റെ നിത്യമായ ഇരിപ്പിടം നേടി.
പാച്ചേനിയെന്ന കമ്യൂണിസ്റ്റ് മണ്ണിൽ 1968 ജനുവരി അഞ്ചിനായിരുന്നു സതീശന്റെ ജനനം. മാതാപിതാക്കളും കുടുംബക്കാരുമെല്ലാ സിപിഎമ്മുകാരായിരുന്നു. അടിന്തരാവസ്ഥയ്ക്ക് എതിരെ, ഇന്ദിരയ്ക്ക് എതിരെ പ്രസംഗിച്ച ആന്റണിയുടെ ആദർശം കണ്ടിട്ടാണ് സതീശൻ ത്രിവർണകൊടി പിടിച്ചുതുടങ്ങിയത്. ട്യൂട്ടോറിയൽ കോളേജ് അധ്യാപകനായെങ്കിലും സംഘടന പ്രവർത്തനം നിർത്തിയില്ല. സിപിഎമ്മിന്റെ അധീശത്വമുള്ള കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ തുടർക്കഥയായിരുന്ന സമയത്ത് പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം കൊടുക്കാൻ ഓരോ ഇടങ്ങളിലും പാച്ചേനി ഓടിയെത്തി.
പാർട്ടി ഓഫീസ് നിർമ്മിക്കാൻ വീട് വിറ്റു, മത്സരങ്ങളിൽ കാലിടറി
തളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തില്‍ അടിയുറച്ച കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച സതീശന് പാച്ചേനി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കോണ്‍ഗ്രസില്‍ എത്തിയത്. കര്‍ഷക തൊഴിലാളികളായ മാതാപിതാക്കള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായിരുന്നു. കെഎസ്.യുവിലൂടെ വളര്‍ന്നാണ് കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ മുഖമായിമാറിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായി ഒട്ടേറെ കര്‍ഷ പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കിയ പാച്ചേനി ഉറുവാടന്റെ കൊച്ചുമകനായിരുന്നു സതീശന് പാച്ചേനി
സ്വന്തം കുടുംബത്തില്‍ നിന്നുപോലും കടുത്ത എതിര്‍പ്പ് നേരിട്ടു. കോണ്‍ഗ്രസ് പാതയിലേക്ക് നീങ്ങിയതോടെ പതിനാറാം വയസ്സില്‍ തറവാട്ടില്‍ നിന്നു പടിയിറങ്ങേണ്ടിവന്നു. റേഷന്‍ കാര്‍ഡില്‍ നിന്ന് പേരും വെട്ടി.
കണ്ണൂരില്‍ ഡിസിസി ഓഫീസെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സ്വന്തം വീടുവരെ വിറ്റ നേതാവായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് ജില്ലാ ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും സതീശന് സാധിച്ചു. ഡിസിസി ഓഫീസിന്റെ പണി പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക തടസം വന്നപ്പോള്‍ സ്വന്തം വീട് ഉള്‍പ്പെടെ വിറ്റ് പണി പൂര്‍ത്തിയാക്കാന്‍ അദ്ദേഹം സന്നദ്ധനായത്. 2013-ല്‍ 40 ലക്ഷം രൂപ ചെലവില്‍ പണിത വീട് 2018-ലാണ് 38 ലക്ഷം രൂപയ്ക്ക് അദ്ദേഹം വിറ്റത്. അച്ഛനും അമ്മയ്ക്കും മക്കളെ വിവാഹം കഴിപ്പിച്ചയക്കുമ്പോഴുള്ള സംതൃപ്തിയാണ് തനിക്കിപ്പോഴുള്ളതെന്നാണ് ഓഫിസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പടിയറങ്ങവേ സതീശന് പറഞ്ഞത്.
പരിയാരം ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ആദ്യമായി രൂപീകരിക്കപ്പെട്ട കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റ് വരെയായി. യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാതെ തന്നെ കെപിസിസി സെക്രട്ടറിയായി കോണ്‍ഗ്രസ് സംഘടനാ തലപ്പത്തേക്കെത്തി. പിന്നാലെ കണ്ണൂര്‍ ഡിസിസി പ്രസിന്റായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന് കണ്ണൂരില്‍ ആഴത്തില്‍ വേരുറപ്പിക്കാന്‍ സാധിച്ചതും ഇക്കാലയളവിലായിരുന്നു.
കമ്യൂണിസ്റ്റ് കോട്ടകളിൽ പോരാടി, ജയം മാറ്റി വെച്ചു
സ്ഥാനമാനങ്ങള്‍ക്ക് അപ്പുറത്തേക്ക് ആദര്‍ശത്തില്‍ അടിയുറച്ചുനിന്ന സതീശന് കമ്യൂണിസ്റ്റ് കേന്ദ്രങ്ങളില്‍ സധൈര്യം മത്സരിച്ച കോണ്‍ഗ്രസിലെ പോരാളിയായിരുന്നു. 1996-ല്‍ തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെതിരേ അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ചാണ് സതീശന്റെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള തുടക്കം. പിന്നീട് 2001-ലും 2006-ലും രണ്ടു തവണ മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദനെതിരേ മത്സരിച്ചു. 2016-ലും 2021-ലും കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രനെതിരേയും മത്സരിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എംബി രാജേഷിനെതിരേയും മത്സരിച്ചു. നിര്‍ഭാഗ്യവശാല്‍ ഒരു തിരഞ്ഞെടുപ്പിലും ജയിക്കാന്‍ പാച്ചേനിക്ക് സാധിച്ചിരുന്നില്ല.


