സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ബി.ജെ.പി. നേതാവ് എ.പി. അബ്ദുള്ളക്കുട്ടിക്കും സി.ബി.ഐ.യുടെ ക്ലീന്‍ചിറ്റ്. പീഡന ആരോപണത്തിന് തെളിവില്ലെന്ന് സി.ബി.ഐ. സി.ജെ.എം. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സി.ബി.ഐ. കുറ്റവിമുക്തരാക്കി.
ക്ലിഫ് ഹൗസില്‍വെച്ച് ഉമ്മന്‍ ചാണ്ടിയും മസ്‌കറ്റ് ഹോട്ടലില്‍വെച്ച് അബ്ദുള്ളക്കുട്ടിയും പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ ഈ രണ്ട് കേസുകളിലും തെളിവില്ലെന്നാണ് സി.ബി.ഐ. കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്. നേരത്തേ ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ക്കെതിരേയും സമാനമായ ആരോപണമുണ്ടായിരുന്നു. ആരോപണവിധേയരായ ഓരോരുത്തര്‍ക്കെതിരേയും വ്യത്യസ്തമായ എഫ്.ഐ.ആര്‍. ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്കെല്ലാവര്‍ക്കെതിരേയും പരാതിക്കാരി ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.ബി.ഐ. കണ്ടെത്തുകയായിരുന്നു.
നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. പിന്നാലെ കേസ് സി.ബി.ഐ.ക്ക് കൈമാറി. സോളാര്‍ കേസുമായി ബന്ധപ്പെട്ട സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളാണുണ്ടായിരുന്നത്.