കേന്ദ്ര സര്‍ക്കാര്‍ ഐടി നിയമം ഭേദഗതി ചെയ്തത് സാമൂഹിക മാധ്യമങ്ങളെ പിടിച്ചടക്കുക ലക്ഷ്യമിട്ടാണെന്ന് രാജ്യസഭാ എംപിയും മുന്‍ ഐടി മന്ത്രിയുമായ കപില്‍ സിബല്‍. സാമൂഹികമാധ്യമ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ അപ്പീല്‍ സമിതികള്‍ രൂപവത്കരിക്കുന്നതിനായി ഐ.ടി. ചട്ടങ്ങളില്‍ വെള്ളിയാഴ്ച കേന്ദ്രം നടപ്പാക്കിയ ഭേദഗതി മുൻനിർത്തിയാണ് പ്രതികരണം.
‘ആദ്യം അവര്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കുകള്‍ പിടിച്ചെടുത്തു. ഇപ്പോഴവര്‍ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ പിടിക്കാനുളള നീക്കത്തിലാണ്. ഇത് മാധ്യമരംഗം ഒന്നടങ്കം വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്’ – സിബല്‍ ആരോപിച്ചു.
സാധാരണ ജനങ്ങള്‍ക്ക് മുന്നില്‍ ബാക്കിയായ സാധ്യതയായിരുന്നു സാമൂഹിക മാധ്യമങ്ങള്‍, ഒരു രാഷ്ട്രീയ പാര്‍ട്ടി, ഒരു ഭരണസംവിധാനം, ഒരു നിയമം, ആരോടും ഉത്തരം പറയേണ്ടതില്ലാ ഒരു നിലയിലേക്ക് നീങ്ങുകയാണ് നിലവിലെ നിയമങ്ങൾ. അതിന് അനുകൂലമായി എല്ലാം മാറ്റി തീർക്കുകയാണ്.
സര്‍ക്കാരിന് സുരക്ഷിതമാണ് മറ്റുള്ളവര്‍ക്ക് സുരക്ഷിതത്വമില്ല – അതാണ് ഈ സര്‍ക്കാരിന്റെ എക്കാലത്തേയും നയം. സാധാരണ പൗരന്മാര്‍ക്ക് അവശേഷിച്ച ഒരേയൊരു വേദിയായിരുന്നു സാമൂഹിക മാധ്യമങ്ങള്‍. ഇവിടെ അഭിപ്രായം പറയുമ്പോള്‍ കേസെടുക്കുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.
ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ഐടി നിയമം ഭേദഗതി ചെയ്ത് പരാതിപരിഹാര സമിതകള്‍ കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ വാദം. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ നേരത്തേ ട്വിറ്റര്‍ അടക്കമുള്ള ആഗോള മാധ്യമ പ്രമുഖർ രംഗത്തുവന്നിരുന്നു.


