സഹോദരൻ്റെ കുടുംബത്തെ മുഴുവനായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അരിക്കുളത്തെ കോറോത്ത് താഹിറ ഐസ്ക്രീം പാക്കിൽ എലിവിഷം കലർത്തിയത് എന്ന് പെലീസ് നിഗമനം. ഇതിനായി ഫാമിലി പായ്ക്ക് ഐസ്ക്രീം പാക്കറ്റ് വാങ്ങി. അതിൽ വിഷംകലർത്തിയാണ് സഹോദരൻ മുഹമ്മദലിയുടെ വീട്ടിലെത്തിയത്.
ഈ സമയത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ രിഫായി മാത്രമാണ് അവിടെയുണ്ടായിരുന്നത്. പിതൃസഹോദരി സ്നേഹത്തോടെ വെച്ചുനീട്ടിയ ഐസ്ക്രീമിന്റെ ചെറിയൊരുഭാഗം മാത്രമാണ് പന്ത്രണ്ടു വയസുകാരൻ കഴിച്ചത്. രുചിവ്യത്യാസം ഉണ്ടായതിനെത്തുടർന്ന് ബാക്കി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
മുഹമ്മദലിയും ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം ചങ്ങരോത്തായിരുന്നു താമസം. ഈ അടുത്താണ് അരിക്കുളത്ത് വീട് വാടകയ്ക്കെടുത്ത് അതിലേക്ക് താമസംമാറ്റിയത്. കുട്ടികളെല്ലാം ചങ്ങരോത്ത് എം.യു.പി. സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. മരിച്ച അഹമ്മദ് ഹസൻ റിഫായി ആറാംക്ലാസ് വിദ്യാർഥിയാണ്.
മുഹമ്മദലിയുടെ ഭാര്യ അസ്മയോട് താഹിറയ്ക്ക് നേരത്തേതന്നെ വിദ്വേഷമുണ്ടായിരുന്നു എന്നു പറയുന്നു. ഐസ്ക്രീം കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്നാണ് കുട്ടി മരിച്ചതെന്ന സംശയത്തെത്തുടർന്ന് ആരോഗ്യവകുപ്പധികൃരും പോലീസും കട സീൽചെയ്ത് രണ്ടുദിവസം അടപ്പിച്ചിരുന്നു. എന്നാൽ, ഇവിടെനിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ച മറ്റുള്ളവർക്കൊന്നും ഭക്ഷ്യവിഷബാധ കണ്ടെത്തിയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരിച്ച അഹമ്മദ് ഹസൻ രിഫായിയുടെ ശരീരത്തിൽ അമോണിയയുടെയും ഫോസ്ഫേറ്റിന്റെയും അംശം കൂടുതലായിരുന്നു എന്ന് പറഞ്ഞിരുന്നു.
ഐസ്ക്രീമിൽ ഒരു കാരണവശാലും ഉണ്ടാകാൻ സാധ്യതയില്ലാത്ത രാസവസ്തുവാണ് അമോണിയം ഫോസ്ഫേറ്റ്. മനഃപൂർവം ചേർക്കാതെ ഇതൊരിക്കലും ഐസ്ക്രീമിൽ എത്തില്ല. ഇതോടെ ഐസ്ക്രീം വാങ്ങി നൽകിയ താഹിറയിലേക്ക് പോലീസ് ശ്രദ്ധ തിരിഞ്ഞു. വടകര ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കി.
എന്നാൽ, മൊഴികളിലെ വൈരുധ്യങ്ങളും സൂപ്പർമാർക്കറ്റിൽനിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളും ബന്ധപ്പെടുത്തി അന്വേഷണം നടത്തിയപ്പോൾ താഹിറതന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസിന് വ്യക്തമായി. തുടർന്നാണ് അറസ്റ്റ്.
വെള്ളിയാഴ്ച പുലർച്ചെയാണ് താഹിറയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. പിന്നീട്, അരിക്കുളത്തെത്തിച്ച് താഹിറ താമസിക്കുന്ന വീട്ടിലും മരിച്ച അഹമ്മദ് ഹസൻ റിഫായിയുടെ വീട്ടിലും ഐസ്ക്രീം വാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സഹോദരൻ മുഹമ്മദാലിയുടെ കുടുംബത്തോടുള്ള മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു.
സഹോദരന്റെ കുടുംബവുമായുളള ബന്ധം പുനഃസ്ഥാപിക്കാനെന്ന വ്യാജേനയാണ് താഹിറ ഇവരുടെ വീട്ടിലെത്തിയതും വിഷംകലർത്തിയ ഐസ്ക്രീം കുട്ടിക്ക് നൽകുന്നതും. എന്നാൽ, ആ സമയത്ത് അഹമ്മദ് ഹസൻ റിഫായിയും വലിയുമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മറ്റുള്ളവർ പേരാമ്പ്രയിൽ സാധനങ്ങൾ വാങ്ങാൻപോയതായിരുന്നു.
ഐസ്ക്രീം സ്വന്തംവീട്ടിൽ എത്തിച്ചാണ് അതിൽ എലിവിഷം കലർത്തിയത്. എലിവിഷത്തിന്റെ ഒഴിഞ്ഞ പാക്കറ്റ് പിന്നീട് തൊട്ടടുത്ത പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലേക്ക് എറിഞ്ഞു. തെളിവെടുപ്പിനായി പോലീസ് താഹിറയെ സ്വന്തം വീട്ടിലെത്തിച്ചപ്പോൾ ഇക്കാര്യങ്ങളെല്ലാം അവർ പോലീസിനോട് വിശദീകരിച്ചു. തുടർന്ന് പോലീസ് കിണറ്റിൽനിന്ന് എലിവിഷത്തിന്റെ പാക്കറ്റ് കണ്ടെടുത്തു. സൂപ്പർമാർക്കറ്റിൽനിന്ന് ഐസ്ക്രീം വാങ്ങിയശേഷം സ്വന്തംവീട്ടിലേക്ക് നടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യവും പോലീസ് ശേഖരിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.
ഈ മാസം 16-നാണ് സംഭവം നടന്നത്. ഐസ്ക്രീം കഴിച്ചതോടെ തുടർച്ചയായ ഛർദിയെത്തുടർന്ന് അഹമ്മദ് ഹസൻ റിഫായിയെ പിതാവ് ആദ്യം മേപ്പയ്യൂരിലെ ആശുപത്രിയിലും പിറ്റേന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെഡിക്കൽകോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ അമോണിയ, ഫോസ്ഫറസ് എന്നിവ കൂടിയ അളവിൽ കുട്ടിയുടെ ശരീരത്തിൽ എത്തിയതായി കണ്ടെത്തി. ഇതേത്തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. പ്രതി താഹിറയെ ആദ്യംതൊട്ടേ പോലീസിന് സംശയമുണ്ടായിരുന്നു. ലൈബ്രറി സയൻസിൽ ബിരുദധാരിയാണ് താഹിറ. ഇവർ വിവാഹബന്ധം വേർപെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് എട്ടാംക്ലാസിൽ പഠിക്കുന്ന ഒരു മകളുണ്ട്.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ആർ. കറപ്പസാമിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദ്, പയ്യോളി സി.ഐ. കെ.സി. സുബാഷ് ബാബു, എസ്.ഐ. വി. അനീഷ്, പി.എം. ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ. കരീം, ഗംഗേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ ശോഭ, രാഖി, എസ്.സി.പി.ഒ. ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.


