Monday, February 23, 2026

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരായ പുനപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസു മാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി തള്ളിയത്.

ജഡ്ജിമാര്‍ ചേമ്പറില്‍ പരിഗണിച്ചാണ് ഡോ. രാജശ്രീ എം എസിന്റെ പുനഃപരിശോധന ഹര്‍ജി തള്ളിയത്. രാജശ്രീയുടെ നിയമനം വോയ്ഡ് അബ് ഇനിഷ്യോ എന്നാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷായും, സി.ടി രവികുമാറും അടങ്ങിയ ബെഞ്ച് നേരത്തെ വിധിച്ചിരുന്നത്. തുടക്കം മുതൽ റദ്ദാണ്. അതിനാല്‍ തന്നെ ഈ സേവനം പെന്‍ഷന് കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുത് എന്നാണ് പുനഃപരിശോധന ഹര്‍ജിയില്‍ രാജശ്രീ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല. നാലുവർഷം സേവന കാലാവധി പൂർത്തിയാക്കാൻ നാലു മാസം മാത്രമുള്ളപ്പോഴാണ്‌ നിയമനം റദ്ദാക്കപ്പെട്ടത്.

നിയമനം റദ്ദാക്കി കൊണ്ട് പുറപ്പടിവിച്ച വിധിയില്‍ നിയപരമായി പുനഃപരിശോധിക്കേണ്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരും പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ആ ഹര്‍ജി ഇത് വരെയും ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടില്ല. ഒക്ടോബർ 21 നാണ് നിയമനം സുപ്രീം കോടതി റദ്ദ് ചെയ്തത്.

വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കില്‍ അതിന് നിരപരാധിയായ താന്‍ ഇരയാകുക ആയിരുന്നുവെന്നും പുനഃപരിശോധന ഹര്‍ജിയില്‍ ഡോ. രാജശ്രീ എം എസ് ചൂണ്ടിക്കാട്ടിയിരുന്നു. നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി സമൂഹത്തിന് മുന്നിലും, സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലും തന്നെ അപമാനിതയാക്കി. തന്നെ ബഹുമാനത്തോടെ കണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലും താന്‍ അപമാനിതയായെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പുനഃപരിശോധന ഹര്‍ജിയില്‍ ഡോ. രാജശ്രീ എം.എസ് വ്യക്തമാക്കിയിരുന്നു.

നിയമനം റദ്ദാക്കിയ വിധിയില്‍ ഇതുവരെ ലഭിച്ച ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലെന്ന് പുനഃപരിശോധന ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം വൈസ് ചാന്‍സലര്‍ ആയിരുന്ന കാലയളവിലുള്ള പെന്‍ഷന് രാജശ്രീക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നിയമനം യു.ജി.സി ചട്ട പ്രകാരമല്ലെന്ന് സുപ്രീംകോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വൈസ് ചാന്‍സലര്‍ നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രം കൈമാറിയത് ചട്ടവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

2019 ഫെബ്രുവരി രണ്ടിനാണ് ഡോ.രാജശ്രീ എം. എസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍, ഈ നിയമനം യുജിസി ചട്ടങ്ങള്‍ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) എന്‍ജിനീയറിങ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. ശ്രീജിത്താണ് സുപ്രീംകോടതിയെ സമീപിച്ചത്.

വൈസ് ചാന്‍സിലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങളില്‍ മൂന്ന് ലംഘനം ഉണ്ടായെന്ന് ശ്രീജിത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള പ്രമുഖ വ്യക്തികള്‍ അടങ്ങുന്നതാവണം സെര്‍ച്ച് കമ്മിറ്റി എന്ന ചട്ടം ലംഘിച്ചു എന്നതാണ് ആദ്യ ആരോപണം. വിദ്യാഭ്യാസ മേഖലയുമായി ബന്ധമില്ലാത്ത ചീഫ് സെക്രട്ടറിയെയാണ് സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാക്കിയതെന്ന് ഇവർ പറഞ്ഞു.

യുജിസി ചെര്‍മാന്റെ നോമിനിക്ക് പകരം എഐസിടിഇ (AICTE) നോമിനിയെയാണ് സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നും രണ്ടാമത്തെ ലംഘനമായി ഹര്‍ജിക്കാര്‍ ആരോപിച്ചു. വൈസ് ചാന്‍സലര്‍ നിയമനത്തിന് പാനല്‍ നല്‍കണമെന്ന ചട്ടത്തിലെ വ്യവസ്ഥയും സർക്കാർ ലംഘിച്ചു. ഡോ. രാജശ്രീയുടെ പേര് മാത്രമാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറിയതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.

1 COMMENT

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...