പരാതിക്കാരിയുടെ വസ്‌ത്രധാരണം പ്രകോപനപരമായതിനാൽ ബലാൽസംഗ കേസ് നിലനിൽക്കില്ലെന്ന് കോടതിയുടെ വിചിത്ര ഉത്തരവ്. എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോഴിക്കോട് പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി ജഡ്‌ജി എസ് കൃഷ്‌ണകുമാറിന്റെ ഉത്തരവ്.
എഴുത്തുകാരിയായ യുവതിയാണ് സിവികിനെതിരെ കൊയിലാണ്ടി പൊലീസിൽ ലൈംഗിക പീഡന പരാതി നൽകിയത്. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു പരാതി. ഇതിനെതിരെ സിവിക് നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് വിവാദ ഉത്തരവ്. പരാതിക്കാരിയുടെ സംഭവ ദിവസത്തെ വേഷവിധാനങ്ങൾ സംബന്ധിച്ച ഫോട്ടോ സിവികിന്റെ അഭിഭാഷകനാണ് കോടതിയിൽ സമർപ്പിച്ചത്.സിവികിനെതിരെ മറ്റൊരു സ്‌ത്രീ നൽകിയ പരാതിയിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
വസ്ത്രധാരണം പ്രകോപനപരമാണെന്നും, പീഡനാരോപണം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് 354 എ പ്രാഥമികമായി കേസില്‍ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.
ശാരീരിക അവശതകളുള്ള, എഴുപത്തിനാലു വയസുകാരനായ പ്രതി പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിൽ കിടത്തി, സ്വകാര്യ ഭാഗത്ത് സ്പർശിക്കാൻ ശ്രമിച്ചെന്നു പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. സെക്ഷൻ 354 പ്രകാരം കേസ് എടുക്കണമെങ്കിൽ ഒരു സ്ത്രീയുടെ മാന്യതക്കും അന്തസിനും ഭംഗം വരുത്തിയതിന് മതിയായ തെളിവുകൾ ഉണ്ടായിരിക്കണം എന്നും കോടതി പറഞ്ഞു.
2020 ഫെബ്രുവരിയിൽ നന്തി ബീച്ചിലെ ഒരു വീട്ടിൽ നടന്ന ക്യാംപിൽ യുവ എഴുത്തുകാരിയായ യുവതിയോട് പ്രതി ലൈംഗികോദ്ദേശ്യത്തോടെ പെരുമാറി. അന്തസിന് ഭംഗം വരുത്താൻ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (2), 341, 354 വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
ഇത് കള്ളക്കേസാണെന്നും പ്രതിക്കെതിരെ പ്രതികാരം ചെയ്യാൻ ശത്രുക്കളിൽ ചിലർ കെട്ടിച്ചമച്ച കഥയാണിതെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ പി വി ഹരിയും എം സുഷമയും വാദിച്ചു. സംഭവം നടന്ന് ഏകദേശം ആറു മാസങ്ങൾക്ക് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും കാലതാമസത്തിന്റെ കാരണം പ്രോസിക്യൂഷൻ വിശദീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
പരാതിക്കാരി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളും പ്രതിഭാഗം ഹാജരാക്കിയിരുന്നു. യുവതി അവളുടെ കാമുകനൊപ്പമാണ് സംഭവ സ്ഥലത്ത് എത്തിയിരുന്നതെന്ന് അഭിഭാഷകർ വാദിച്ചു.
പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തു. സമാനമായ ലൈംഗിക പീഡനക്കേസ് പ്രതിക്കെതിരെ മുൻപും ഫയൽ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. എഫ്‌ഐആർ ഫയൽ ചെയ്യുന്നതിൽ ഉണ്ടായ കാലതാമസത്തിന്റെ കാരണം വിശദീകരിക്കണമെന്ന് കോടതി പരാതിക്കാരിയോട് ആവശ്യപ്പെട്ടു.