ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.
സിവിക് ചന്ദ്രന് നേരത്തെ കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ സര്‍ക്കാരും പരാതിക്കാരിയും നൽകിയ ഹര്‍ജിയിലാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ്.
ഏപ്രില്‍ 17-ന് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
നേരത്തെ, പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ കേസ് തന്നെ നിലനില്‍ക്കില്ലെന്നാണ് സെഷന്‍സ് കോടതി സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞത്. കോഴിക്കോട് സെഷന്‍സ് കോടതിയുടെ ‘ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം’ എന്ന പ്രയോഗം പിന്നാലെ ഹൈക്കോടതി നീക്കംചെയ്യുകയും ചെയ്തു.


