കേരളത്തിൻ്റെ വികസന സ്വപ്നമായ സിൽവർലൈൻ പദ്ധതിയെ അനുകൂലിച്ചും അനുമതി ആവശ്യപ്പെട്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രത്തിനയച്ച കത്ത് പുറത്ത്.
സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എഴുതിയ കത്താണ് പുറത്തായത്. 16-08-2021നാണ് ഗവര്‍ണര്‍ കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയത്. ഇതിൽ കേരളത്തിൻ്റെ അടിയന്തര വികസന ആവശ്യമായി കെ റെയിലിനെ ഉയർത്തി കാട്ടുന്നു.
സിൽവർലൈൻ യാഥാർത്ഥ്യമാക്കാൻ ഗവർണർ രണ്ടു തവണ രേഖാമൂലം ആവശ്യപ്പെട്ടു
2020 ഡിസംബര്‍ 24നും ഇതേ വിഷയത്തില്‍ അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന പീയൂഷ് ഗോയലിന് ഗവര്‍ണര്‍ കത്തയച്ചിരുന്നു. ആ വിവരവും 2021 ഓഗസ്റ്റ് 16ന് അയച്ച കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര റയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗികാരം നല്‍കിയിട്ടുണ്ടെന്നും ഓർമ്മപ്പെടുത്തുന്നു. ഒപ്പം 17-06-2020 ന് സില്‍വര്‍ ലൈന്‍ ഡി.പി.ആര് റയില്‍വേ ബോര്‍ഡിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
എം.പിമാരുടെ യോഗ അജണ്ടയിലും പരാമർശം
2021 ജൂലൈ 13ന് മുഖ്യമന്ത്രി പിണറായി വിജയന് സില്‍വര്‍ലൈനിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയേയും റയില്‍വേ മന്ത്രിയേയും കണ്ടിരുന്നു എന്നും സില്‍വര്‍ ലൈന്‍ അനുമതി വേഗത്തിലാക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെടുന്നു. പാര്‍ലമെന്റ് മണ്‍സൂണ്‍കാല സമ്മേളനത്തിനു മുന്നോടിയായി ജൂലൈ രണ്ടിന് നടത്തിയ എംപിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിന്റെ അജണ്ട കുറിപ്പിനൊപ്പമാണ് ഈ കത്തുള്ളത്.
സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിയടക്കം സിൽവർ ലൈൻ പദ്ധതിയെ തളർത്താനുള്ള ശക്തമായ ശ്രമത്തിലാണ്. ഇതിനിടയിലാണ് കേരളത്തിൻ്റെ വികസനം മുൻനിർത്തി ഗവര്‍ണര്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്ത് നൽകിയത്.


