സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറുമായുള്ള ചാറ്റുകള്‍ ഏഷ്യാനെറ്റ് പുറത്തു വിട്ടു. സ്വപ്‌ന യു.എ.ഇ. കോണ്‍സുലേറ്റിലെ ജോലി രാജിവെച്ച ശേഷമുള്ള ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ചാറ്റ് പുറത്തു വന്ന വാർത്തയ്ക്ക് പിറകെ മുഖ്യമന്ത്രിക്ക് എതിരെ കൂടുതൽ ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്ത് എത്തി. ബെഗ്ലൂരുവിലായിരുന്നു ചാറ്റ് വാർത്തകൾക്ക് പിന്നാലെ സ്വപ്ന നേരിൽ പ്രത്യക്ഷപ്പെട്ടുള്ള വിശദീകരണങ്ങൾ.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ്. നിയമസഭയിൽ വന്ന് എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്ന് സ്വപ്ന സുരേഷ് ചോദിച്ചു. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് ബാംഗ്ലൂരിൽ അവകാശപ്പെട്ടു.
സ്വപ്‌നയ്ക്ക് നോര്‍ക്കയില്‍ ജോലി തരപ്പെടുത്താന്‍ ശിവശങ്കര്‍ ഇടപെട്ടു എന്ന നിലയ്ക്കുള്ള ചാറ്റുകളാണ് പുറത്തുവന്നത്. നോര്‍ക്കയുടെ സി.ഇ.ഒയുമായി ഉള്‍പ്പെടെ ദീര്‍ഘമായ മീറ്റിങ് നടത്തിയതായി ചാറ്റുകളില്‍ ശിവശങ്കര്‍ അവകാശപ്പെടുന്നു. നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയിലെ ജോലിക്ക് സ്വപ്‌നയായിരിക്കും ഉചിതമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞുവെന്നും ചാറ്റിലുണ്ട്.
നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ യുവ എം.ബി.എ. ബിരുദധാരിയെ ആവശ്യമുണ്ടെന്ന് നോര്‍ക്ക അറിയിച്ചപ്പോള്‍ താന്‍ സ്വപ്‌നയുടെ പേര് നിര്‍ദ്ദേശിച്ചുവെന്ന് ശിവശങ്കര്‍ വ്യക്തമാക്കുന്നതായി ചാറ്റിലുണ്ട്. മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചുവെന്നും ചാറ്റില്‍ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം നിര്‍ദ്ദേശിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇതിന്റെ പശ്ചാത്തലമറിയാമെന്നും ചാറ്റില്‍ പറയുന്നു. സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിരുന്നുവെന്ന് സി.എം. രവീന്ദ്രനോട് താന്‍ പറഞ്ഞുവെന്നും ചാറ്റില്‍ ശിവശങ്കര്‍ അവകാശപ്പെടുന്നു.
സി.എം. രവീന്ദ്രനുമായി ബന്ധപ്പെട്ട പരാമര്‍ശവും ചാറ്റിലുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് സ്വപ്‌ന രാജിവെച്ചതറിഞ്ഞ് സി.എം. രവീന്ദ്രന്‍ ഞെട്ടി എന്ന് ശിവശങ്കര്‍ പറയുന്നു.
ബെംഗ്ലൂരുവിൽ സ്വപ്ന സുരേഷ് പറഞ്ഞത്
ഒറ്റയ്ക്കും ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ കച്ചവടങ്ങൾക്കായി മാത്രം താൻ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും എന്നെ കണ്ടിട്ട് പോലുമില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്കെങ്ങനെ കഴിയുന്നു എന്നായിരുന്നു സ്വപ്നയുടെ ചോദ്യം. മുഖ്യമന്ത്രിയെ കണ്ട തീയതികൾ പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി. അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ എന്നും സ്വപ്ന വെല്ലുവിളിച്ചു. സഭയിൽ പ്രസ്താവന നടത്താതെ തെളിവുമായി മുഖ്യമന്ത്രി വരട്ടെയെന്നാണ് സ്വപ്ന സുരേഷിന്‍റെ വെല്ലുവിളി.
നോർക്കയിൽ തന്നെ നിയമിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിക്ക് അറിയാമെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്പേസ് പാർക്കിലെ ജോലിക്ക് മുമ്പ് തന്നെ നോർക്കയിൽ നിയമിക്കാൻ ശിവശങ്കർ ശ്രമിച്ചിരുന്നു. ഇത് മുഖ്യമന്ത്രിക്കും അറിയാം, ഇതിനിടയിലാണ് എം എ യൂസഫലിയുടെ എതിർപ്പ് വരുന്നത്. ഇതേത്തുടർന്നാണ് സ്പേസ് പാർക്കിൽ തന്നെ നിയമിക്കാൻ തീരുമാനമായതെന്നാണ് സ്വപ്ന പറയുന്നത്. കച്ചവടങ്ങളുടെ കണ്ണിയായ താൻ രാജി വച്ചതറിഞ്ഞാണ് സിഎം രവീന്ദ്രൻ ഞെട്ടിയത്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ കച്ചവടങ്ങളുടെ കണ്ണിയായിരുന്നു താൻ. യുഎഇ കോൺസുലേറ്റ് വഴിയുള്ള അനധികൃത ഇടപാടുകൾ നിലയ്ക്കുമോ എന്ന് സിഎം രവീന്ദ്രൻ ഭയന്നുവെന്നും യൂസഫലി എന്തുകൊണ്ട് തന്നെ എതിർത്തുവെന്നതിനെക്കുറിച്ച് പിന്നീട് വെളിപ്പെടുത്താമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.