സി.പി.എം. വനിതാ നേതാക്കള്‍ക്കെതിരായ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചും സി.പി.എം. പ്രതികരിക്കാത്തതില്‍ വിമര്‍ശിച്ചും കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. പ്രവര്‍ത്തകരും അനുഭാവികളും വോട്ട് ചെയ്യുന്നവരുമായി സി.പി.എമ്മില്‍ ധാരാളം സ്ത്രീകളുണ്ട്. അവരെ അടച്ചാക്ഷേപിക്കുകയും മാനഹാനി വരുത്തുകയുമാണ് സുരേന്ദ്രന് ചെയ്തിരിക്കുന്നതെന്ന് വി.ടി. ബല്‍റാം പ്രതികരിച്ചു. എന്നിട്ടും ഇതുവരെ സി.പി.എമ്മുകാരുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായതായി കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരേന്ദ്രന്റെ ഹീനമായ അധിക്ഷേപത്തിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതി പോലെ രാജ്യത്തിന്റെ ഏതെങ്കിലും മൂലയിലുള്ള ഒരു കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ചെയ്യാന്‍ അധിക്ഷേപിക്കപ്പെട്ട വനിതാ സഖാക്കളോ അവരുടെ സഹസഖാക്കളോ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഞായറാഴ്ച തൃശൂരിലായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശം. ബി.ജെ.പിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. സുരേന്ദ്രന്.
സി.പി.എമ്മിലെ വനിതാ നേതാക്കള്‍ തടിച്ചുകൊഴുത്ത് പൂതനകളായി എന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. ‘സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വനിതാനേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്’, സുരേന്ദ്രന് പറഞ്ഞു. ഇതിനെതിരെയാണ് വി.ടി. ബല്‍റാം രംഗത്തുവന്നത്.


