സി ബി എസ് ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ഫലം ഇനിയും പ്രസിധീകരിക്കാനായില്ല. ജൂലായ് ആദ്യ വാരം ഫലം പ്രഖ്യാപിക്കേണ്ടതായിരുന്നു. പിന്നീട് ഇത് ജൂലായ് രണ്ടാം വാരം എന്ന് അറിയിപ്പ് നൽകി എങ്കിലും അതും പാലിക്കാനായില്ല.
ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. വിദ്യാർഥികളുടെ തുടർ പഠനവും ഭാവിയും അനിശ്ചിതത്വത്തിലാവുന്ന സാഹചര്യമാണ്.
ജൂലായ് അവസാനത്തേക്കു മാത്രമേ ഫലമെത്തുകയുള്ളൂ എന്നാണ് അനൗദ്യോഗിക വിവരം. ഈ വർഷം രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടത്തിയത്. ആദ്യഘട്ടം നവംബർ – ഡിസംബർ സമയത്തും രണ്ടാംഘട്ടം മേയ് – ജൂൺ മാസങ്ങളിലുമായിരുന്നു. ഈ ഫലങ്ങൾ ഒന്നിച്ച് ചേർക്കുന്നതിലെ ആശയ കുഴപ്പം ഇനിയും തീർന്നില്ല.
കോഴ്സ് വൈകിക്കാൻ യു ജി സിയോട് നിർദ്ദേശം
എന്നാൽ, ഫലം വരുന്നതുവരെ സർവകലാശാല പ്രവേശനം തുടങ്ങരുതെന്ന് നിർദ്ദേശിച്ച് സി.ബി.എസ്.ഇ. യു.ജി.സി.ക്ക് കത്തയച്ചു.
പരീക്ഷാഫലം വന്നാൽമാത്രം പോര സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള നടപടികളും വേഗത്തിൽ തീർക്കേണ്ടതായുണ്ട്. മാർക്കുണ്ടെങ്കിലും ഇഷ്ടവിഷയവും സ്ഥാപനവും ഇതിലൂടെ നഷ്ടമാകുമെന്ന ആശങ്കയാണ് കുട്ടികൾക്കും മാതാപിതാക്കൾക്കുമുള്ളത്.
അനിശ്ചിതത്വം നീക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം കേന്ദ്രസർക്കാരിന് നിവേദനം നൽകുമെന്ന് സിബി.എസ്.ഇ. സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.പി. ഇബ്രാഹിംഖാൻ പറഞ്ഞു
ഫലം എത്തുന്നതുവരെ മറ്റ് കുട്ടികളുടെ ഭാവിയും ചോദ്യ ചിഹ്നമാക്കാത്ത രീതിയിൽ പ്രവേശന നടപടികൾ നീട്ടിവയ്ക്കുകയോ, പരീക്ഷാഫലം വരുന്ന മുറയ്ക്ക് കുട്ടികൾക്ക് അവസരം കൊടുക്കുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു.