എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ജാമ്യം അനുവദിച്ചു.
യുഎപിഎ കേസില്‍ കാപ്പന് സുപ്രീംകോടതി സെപ്റ്റംബര്‍ ഒന്‍പതിന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കേസില്‍ ജാമ്യം ലഭിക്കാത്തതിനാലാണ് ജയില്‍ മോചനം നടക്കാതിരുന്നത്.
ജാമ്യം തടഞ്ഞത് 45000 രൂപയുടെ പേരിൽ
അക്കൗണ്ടിലേക്കെത്തിയ നാല്‍പത്തി അയ്യായിരം രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നാണ് ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അവകാശപ്പെട്ടത്. പോപ്പുലർ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാത്രസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇഡി കോടതിയില്‍ ഉന്നയിച്ച വാദം.
യുപിയിലെ ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. മാധ്യമ പ്രവർത്തകൻ എന്ന നിലയ്ക്കുള്ള യാത്രയ്ക്കിടെയാണ് അറസ്റ്റ്.