കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട അഗ്‌നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. വെടിവെപ്പിൽ ഒരാൾ മരിച്ചു. ബിഹാറില്‍ മൂന്നാം ദിവസവും പ്രക്ഷോഭം തുടരുകയാണ്. ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് പ്രക്ഷോഭകര്‍ ആക്രമിച്ചു
പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന് തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഒരാള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. സെക്കന്തരാബാദ് റെയില്‍വെ സ്‌റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. വാറങ്കല്‍ സ്വദേശിയായ ദാമോദര്‍ ആണ് മരിച്ചത്.
റെയില്‍വെ പോലീസ് നടത്തിയ വെടിവെപ്പിനിടെയാണ് യുവാവ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. റെയില്‍വെ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് സെക്കന്തരാബാദില്‍ മൂന്ന് മണിക്കൂറോളം തീവണ്ടി ഗതാഗതം തടസപ്പെട്ടു. 350 ലേറെവരുന്ന പ്രതിഷേധക്കാരാണ് വെള്ളിയാഴ്ച രാവിലെ സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനിലെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ സമയത്ത് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നില്ല
ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ക്ക് തീയിട്ട പ്രതിഷേധക്കാര്‍ സ്റ്റേഷനുകളില്‍ കല്ലേറ് നടത്തുകയും റെയില്‍വേ ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലും ട്രെയിനുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.
ബിഹാറിലെ സമസ്തിപുരില്‍ സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിന് പ്രതിഷേധക്കാര്‍ തീയിട്ടു. മൊഹിയുദ്ദീന്‍നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ജമ്മുതാവി എക്പ്രസ് ട്രെയിന്റെ രണ്ട് കോച്ചുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബെഗുസരായ് റെയില്‍വേ സ്റ്റേഷനില്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചതോടെ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങി. ബിഹിയയില്‍ രണ്ട് റെയില്‍വേ ജീവനക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
തീവണ്ടികൾ റദ്ദാക്കി
200 -ലധികം തീവണ്ടി സര്‍വീസുകളെയാണ് വെള്ളിയാഴ്ച പ്രക്ഷോഭം ബാധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 35 തീവണ്ടി സര്‍വീസുകള്‍ പൂര്‍ണമായും 13 സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധമുണ്ടായത്. യുവാക്കള്‍ തെരുവിലിറങ്ങിയതോടെ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. ബിഹാറില്‍ ഇന്നലെയും മൂന്ന് തീവണ്ടിക്ക് തീയിട്ടിരുന്നു. വിവിധയിടങ്ങളില്‍ റോഡുകളും റെയില്‍പ്പാതകളും ഉപരോധിച്ചു. കല്ലേറുമുണ്ടായി. രാജസ്ഥാനിലെ അജ്‌മേര്‍-ഡല്‍ഹി ദേശീയപാത ഉദ്യോഗാര്‍ഥികള്‍ തടഞ്ഞിരുന്നു. ജോധ്പുരില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
പ്രതിഷേധം പ്രധാനമന്ത്രിക്ക് നേരെയും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഹിമാചല്‍പ്രദേശിലെ ഗഗ്ഗല്‍ വിമാനത്താവളത്തിനുമുന്നിലും യുവാക്കള്‍ പ്രതിഷേധിച്ചിരുന്നു.