അവിശ്വാസ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പിൻവാങ്ങി. ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ രാജി നൽകും എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പിൻമാറ്റം. പാക് സൈനികമേധാവിയുമായും രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ തലവനുമായും നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ തീരുമാനം മാറ്റിയത്. വൈകീട്ടോടെയായിരുന്നു നിര്‍ണായക കൂടിക്കാഴ്ച.
രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം റദ്ദാക്കിയതായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ വാക്താവ് ഫൈസല്‍ ജാവേദ് ഖാന്‍ അറിയിച്ചു.
അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടിന് മുന്നോടിയായി പിടിഐയുടെ ഒരു പ്രധാന സഖ്യകക്ഷി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നതോടെ ഇമ്രാന്‍ ഖാന്റെ ഭാവി കൂടുതല്‍ അനിശ്ചിതത്വത്തിലായിരുന്നു. ഈ ആഴ്ചയാണ് പാർലമെൻ്റ് സമ്മേളനം നടക്കാനിരുന്നത്.
ഇമ്രാന്‍ ഖാന്‍ രാജിവെക്കില്ലെന്ന് പാക് മന്ത്രി ഫവാദ് ചൗധരിയും പ്രഖ്യാപിച്ചു. അവസാന പന്ത് വരെ പോരാടുന്ന താരമാണ് ഇമ്രാന്‍ ഖാന്‍. ഒരു രാജിയും ഉണ്ടാകില്ല. സുഹൃത്തുക്കളും ശത്രുക്കളും നടക്കാന്‍ പോകുന്ന മത്സരം കാണാനിരിക്കുന്നതേയുള്ളൂവെന്നും ചൗധരി ട്വിറ്ററിലൂടെ അറിയിച്ചു.
പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്താന്‍ (എം.ക്യു.എം-പി) പ്രതിപക്ഷമായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) യുമായി ധാരണയിലെത്തിയിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളും എം.ക്യു.എമ്മും തമ്മില്‍ ധാരണയില്‍ എത്തിയതായി പി.പി.പി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ട്വീറ്റ് ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തിയ കാര്യം മുതിര്‍ന്ന എം.ക്യു.എം നേതാവ് ഫൈസല്‍ സബ്‌സ്വാരിയും സ്ഥിരീകരിച്ചു. പുതിയ സംഭവ വികാസങ്ങളോടെ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്പുതന്നെ പാകിസ്താന്‍ പാര്‍ലമെന്റിന്റെ അധോസഭയില്‍ ഇമ്രാന്റെ പി.ടി.ഐക്ക് ഭൂരിപക്ഷം നഷ്ടമായിട്ടുണ്ട്.