ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അടുത്തവർഷം മുതൽ മാംസാഹാരം നൽകാമെന്നും സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ ടെണ്ടർ സംബന്ധിച്ച വിവാദത്തിൽ മന്ത്രി പ്രതികരിച്ചു. കഴിക്കുന്നത് കുട്ടികളാണല്ലോ, ഇത്രയും വലിയ പരിപാടിക്കിടെ നോൺ വെജ് കഴിച്ച് ശാരീക പ്രശങ്ങൾ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രമാണെന്നും – മന്ത്രി വ്യക്തമാക്കി.
അടുത്ത വർഷം മുതൽ എന്തായാലും നോൺ വെജ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇത്തവണ തന്നെ പരിഗണിച്ചതാണ്. ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. കോഴിക്കോട് എത്തിയ കുട്ടികൾക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു കരുതിയത്. ഇക്കാര്യം നേരത്തെ തന്നെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു.
60 വർഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പൊ ആണോ കാണുന്നതെന്നും മന്ത്രി ചോദിച്ചു. ഒരു വിവാദവും ഇല്ലാത്തപ്പൊ എന്തെങ്കിലും ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണം തയാറാക്കുന്നതിന് ടെണ്ടർ ക്ഷണിക്കാത്തത് സംബന്ധിച്ചായിരുന്നു ആദ്യ ചർച്ച. പിന്നീട് അത് വെജിറ്റേറിയൻ മെനുവിനെ ആദർശവൽക്കരിക്കുന്നു. കുട്ടികളുടെ ഇഷ്ടം ബലി കഴിക്കുന്നു എന്ന നിലയ്ക്ക് മാറി. തുടർന്ന് തുടര്‍ച്ചയായി പഴയിടം മോഹനന്‍ നമ്പൂതിരിക്ക് മാത്രം കലോത്സവത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ നല്‍കുന്നതിനെതിരെയും വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കൊടുക്കുന്നതിനെതിരെയും വ്യാപകമായ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളിലടക്കം വന്നത്
കഴിഞ്ഞ 16 വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന കൗമാര പ്രതിഭകള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണം വിളമ്പുന്നത് പഴയിടവും സംഘവുമാണ്
നോൺ വെജ് തയാറാക്കാനും കൂടെ ആളുണ്ട് – പഴയിടം

ഞങ്ങളുടെ സംഘം തന്നെ കായികമേളയ്ക്ക് നോണ്‍ വെജ് ഭക്ഷണം തയ്യാറാക്കി വിളമ്പാറുണ്ട്. നോണ്‍ വെജ് നന്നായി പാചകം ചെയ്യാന്‍ അറിയാവുന്നവര്‍ തനിക്കൊപ്പമുണ്ടെന്നും പഴയിടം മോഹനൻ വിവാദം സംബന്ധിച്ച് പ്രതികരിച്ചു.
‘സ്‌കൂള്‍ കലോത്സവ മേളയില്‍ പലപ്പോഴും പറയുന്നതിന്റെ ഇരട്ടി ആളുകള്‍ ഭക്ഷണം കഴിക്കാന്‍ എത്താറുണ്ട്. കായിക മേളകളില്‍ അത്തരമൊരു പ്രശ്‌നമില്ല.
അതിനാല്‍ തന്നെ, ചിലര്‍ക്ക് നോണ്‍ വെജ് ഭക്ഷണം കിട്ടുകയും മറ്റു ചിലര്‍ക്ക് കിട്ടാതെ വരികയും ചെയ്യാം. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കും.
മാത്രമല്ല, വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വളരെ പെട്ടെന്ന് തയ്യാറാക്കാനാകും. ഭക്ഷണം തികയാതെ വന്നാല്‍ പെട്ടെന്നു തന്നെ തയ്യാറാക്കി വിളമ്പാനാകും.
കലോത്സവത്തില്‍ നോണ്‍ വെജ് ഭക്ഷണം വിളമ്പുന്നതില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുമുണ്ട്. ഇക്കാര്യത്തില്‍ വിദഗ്ധരുമായി ചര്‍ച്ച വേണം,’ പഴയിടം പറഞ്ഞു.


