പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വര്‍ദ്ധിപ്പിക്കുന്നത് നടപ്പായില്ല. പദ്ധതി നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു. ഒരു കുട്ടിക്ക് പരമാവധി എട്ട് രൂപയാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിനായി നിലവില്‍ അനുവദിക്കുന്നത്.
കുട്ടികൾ കൂടിയാൽ തുക പിന്നെയും കുറയും
വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ ഭാഗമായി ഒന്നു മുതല്‍ എട്ട് വരെയുളള ക്ളാസുകളിലെ കുട്ടികള്‍ക്ക് സൗജ്യവും പോഷകസമൃദ്ധവുമായ ആഹാരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. 150 കുട്ടികള്‍ വരെയുളള സ്കൂള്‍ക്ക് മാത്രമാണ് എട്ട് രൂപ. 150നും അഞ്ഞൂറിനും ഇടിയിലാണ് കുട്ടികളുടെ എണ്ണമെങ്കില്‍ ഏഴ് രൂപയും അഞ്ഞൂറില്‍ കൂടുതല്‍ കുട്ടികളുളള സ്കൂളുകളില്‍ കുട്ടി ഒന്നിന് ആറ് രൂപയുമാണ് അനുവദിക്കുന്നത്.
2016മുതല്‍ നല്‍കി വരുന്ന ഈ തുക പരിഷ്കരിക്കുമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമടക്കം നടത്തിയിരുന്നു. ഫലം കാണാതെ വന്നതോടെയാണ് കേരള പ്രവൈറ്റ് സെക്കന്‍ഡറി സ്കൂള്‍ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുക വര്‍ദ്ധിപ്പിക്കാത്ത പക്ഷം ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം.
ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും എന്ന രീതിയില്‍ ഉച്ചഭക്ഷണം പോഷക സമൃദ്ധമാകണമെന്നതാണ് സർക്കാർ നയം. പദ്ധതിയുടെ 60 ശതമാനം കേന്ദ്രവം 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. ഇരു സർക്കാരുകളും സാമ്പത്തിക കാര്യത്തിൽ നിശ്ശബ്ദത പാലിക്കുന്നു. സ്കൂൾ കുട്ടികൾക്ക് ഭക്ഷണം നൽകാൻ ഇതര ഫണ്ടുകൾ ഉണ്ടാക്കാനുള്ള ബദൽ ചിന്തകളും ഇല്ല.


