സ്വകാര്യ സർവ്വകലാശാലകൾക്കും വിദേശനിക്ഷേപത്തിനും അനുമതി നൽകാൻ നിർണ്ണായക ചുവട് മാറ്റത്തിന് എൽഡിഎഫ് തീരുമാനം.പൊതുവിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണം ഉന്നത വിദ്യാഭ്യാസമേഖലയിലും ഉറപ്പാക്കുക. അന്താരാഷ്ട്ര നിലവാരത്തിൽ പഠനസൗകര്യമൊരുക്കുക എന്ന നിലപാടിന് കീഴിലാണ് നയമാറ്റം.
സ്വാശ്രയകോളേജുകളെ എതിർത്ത് വിദ്യാഭ്യാസം പൊതുമേഖലയിൽ മാത്രം മതിയെന്ന പഴയനിലപാട് ഉപേക്ഷിച്ചാണ് പരിഷ്കരണത്തിന് തയാറാവുന്നത്. സിപിഎം എറണാകുളം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയുടെ അടിസ്ഥാനത്തിലാണ് മാറ്റത്തിനുള്ള മുന്നണി തീരുമാനം.
കല്പിത സർവ്വകലാശാല മാറി സ്വകാര്യ സർവ്വ കലാശാലകൾ വരും
നയംമാറ്റത്തിന് തുടർച്ചയായി സ്വകാര്യ ഡീംഡ് സർവ്വകലാശാലകൾക്ക് അനുമതി നൽകാനായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ മികച്ച പല എയ്ഡഡ് സ്ഥാപനങ്ങളും അപേക്ഷയും നൽകി കല്പിത പദവിക്കായി കാത്തിരുന്നു. എന്നാൽ ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്ക്കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോൻ കമ്മിറ്റി സ്വകാര്യ ഡീംഡ് സർവ്വകലാശാലകളെ എതിർത്തു. ഇതിന് പകരം സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാമെന്ന് ശുപാർശ മുന്നോട്ട് വെച്ചു. അതിനാണിപ്പോൾ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിരിക്കുന്നത്.
മികച്ച നിലവാരത്തിലുള്ള നിരവധി സ്വകാര്യ സർവ്വകലാശാലകൾ രാജ്യത്തുണ്ട്. അവക്കെല്ലാം കേരളത്തിലേക്കെത്താൻ ഇത് അവസരമൊരുക്കും. ഫീസും പ്രവേശനവുമെല്ലാം തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം സ്വകാര്യ സർവ്വകലാശാലകൾക്ക് ലഭ്യമാണ്.
വിദേശസ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുവെന്ന് കുറ്റപ്പെടുത്തി യുഡിഎഫ് ഭരണകാലത്ത് ഉന്നതവിദ്യാഭ്യാസ കൗണർസിൽ വൈസ് ചെയർമാൻ ടിപിശ്രീനിവാസനെ അടിച്ചുവീഴ്ചത്തിയ സംഭവമുണ്ടായിരുന്നു. ഇതിന് എസ്എഫ്ഐയാണ് നേതൃത്വം നൽകിയത്. എൽഡിഎഫിൻറെ പുതിയ തീരുമാനത്തിൽ വിദ്യാർഥി സംഘടന പ്രതിരോധത്തിലാവും. ദേശീയതലത്തിൽ വിദേശസർവ്വകലാശാലകൾക്ക് അനുമതി നൽകാൻ യുജിസി അടുത്തിടെ കരട് മാർഗ്ഗരേഖ ഇറക്കിയിരുന്നു. അതിന് പിന്നാലെയാണ് കേരളവും മാറ്റത്തിന് തയ്യാറെടുക്കുന്നത്. ഇടത് മുന്നണി അനുമതി അനുസരിച്ച് മന്ത്രിസഭായോഗം പുതിയ നിയമം കൊണ്ടുവരാനുള്ള തീരുമാനത്തിൽ എത്തുന്നതോടെ ഇത് നടപ്പാവും.
പല സ്വകാര്യ സർവ്വകലാശാലകളും കേരളത്തിലേക്ക് വരാൻ താത്പര്യമുള്ളവയാണ്. ഇതര സ്ഥലങ്ങളെ അപേക്ഷിച്ച് സുരക്ഷിതവും സൌകര്യ പ്രദവുമായ പഠന സൌകര്യം ഒരുക്കാൻ കേരളത്തിൽ സർവ്വകലാശാലകൾ സ്ഥാപിക്കുന്നത് വഴി സാധ്യമാവും.
‘ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേരള വികസനത്തിനുള്ള കാഴ്ചപ്പാട്’ എന്ന നയരേഖ അംഗീകരിച്ചതായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.


