സ്വത്തിന് വേണ്ടി മകള്‍ അമ്മയെ ദിവസങ്ങളോളം ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയതായി കേസ്. കിഴൂര്‍ കാക്കത്തുരുത്ത് സ്വദേശിയായ ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മണി(58) ആണ് മരിച്ചത്. മകള്‍ ഇന്ദുലേഖ(40)യെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ പതിനെട്ടാം തീയതിയാണ് രുഗ്മണിയെ അവശനിലയില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആന്തരിക അവയവങ്ങൾക്ക് കേട് പറ്റിയ നിലയിലായിരുന്നു.
മകൾ ഇന്ദുലേഖ തന്നെയാണ് രുഗ്മണിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഭക്ഷ്യവിഷബാധയേറ്റുവെന്നായിരുന്നു പറഞ്ഞത്. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ പരിശോധനയില്‍ കരളില്‍ നീര്‍ക്കെട്ട് കണ്ടെത്തി. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്ക് കുന്നംകുളത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രോഗാവസ്ഥ തുടർന്നതിനാൽ പിന്നീട് തൃശൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ശരീരത്തിൽ വിഷാംശം കണ്ടെത്തിയത് കേസിന് വഴിത്തിരിവായി
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തി. എങ്കിലും ഒഗസ്റ്റ് 23ന് രാവിലെ ആറരയോടെ രുഗ്മണി മരണപ്പെട്ടു. എന്നാൽ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തില്‍ എലിവിഷത്തിൻ്റെ സാന്നിധ്യം കണ്ടെത്തി.
ഇതോടെ സംഭവത്തിൽ സംശയം ഉണർന്നു. മകളുടെ പെരുമാറ്റത്തിലെ അസ്വാഭാവികത തോന്നിയ പിതാവ് ചന്ദ്രന്‍ സംശയം പൊലീസിനോട് തുറന്ന് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ കുറ്റം സമ്മതിച്ചു.
കഴിഞ്ഞ രണ്ട് മാസമായി ഭക്ഷണത്തില്‍ ഗുളികകള്‍ കലര്‍ത്തി നല്‍കാറുണ്ടെന്ന് മൊഴി നൽകി. ഇതാകാം കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നാണ് സൂചന. അവസാനം ചായയില്‍ എലിവിഷം ചേര്‍ത്ത് നല്‍കിയതും കരുതിക്കൂട്ടിയാണ്. കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന ഇന്ദുലേഖ സ്വത്ത് ആവശ്യപ്പെട്ട് അമ്മയോട് കയര്‍ക്കുന്നത് പതിവായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സ്വത്ത് നല്‍കാന്‍ തയാറാകാതെ വന്നതോടെ കൊലപാതകത്തിനുള്ള കരുക്കള്‍ നീക്കി എന്നാണ് കണ്ടെത്തൽ. ചന്ദ്രനും രുഗ്മണിക്കും ഇന്ദുലേഖയെ കൂടാതെ മറ്റൊരു മകളുണ്ട്.
ഇവര്‍ തൃശൂര്‍ അഞ്ഞൂരാണ് താമസിക്കുന്നത്. ഇന്ദുലേഖയുടെ ഭര്‍ത്താവ് പ്രവാസിയാണ്. കഴിഞ്ഞ പതിനേഴാം തീയതിയാണ് നാട്ടിലെത്തിയത്. എട്ട് ലക്ഷത്തോളം രൂപയുടെ ബാധ്യത ഇന്ദുലേഖയ്ക്കുണ്ട്. ഇത് വീട്ടാനായി പിതാവ് ചന്ദ്രന്റെ പേരിലുള്ള സ്ഥലം പണയപ്പെടുത്താനായിരുന്നു ശ്രമം. ഇതിന് അമ്മ സമ്മതിക്കാതെ വരുമെന്നതാണ് കൊലയ്ക്കുള്ള ആസൂത്രണത്തിന് കാരണം എന്നാണ് കേസ്.
അച്ഛന്‍ ചന്ദ്രനും സമാനമായരീതിയില്‍ ഗുളികള്‍ കലര്‍ത്തി നല്‍കിയിരുന്നതായും മൊഴിയുണ്ട്. ശരീരത്തെ ബാധിക്കുന്ന വിഷം ഏതൊക്കെയെന്ന് ഫോണില്‍ ഇന്ദുലേഖ സേര്‍ച്ച് ചെയ്തതിന്റെ ഹിസ്റ്ററിയും പൊലീസ് കണ്ടെത്തി.


