സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. പൊലീസിൽ പരാതി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി സമർപ്പിച്ചത്. ആരോപണത്തിന് പിന്നില്‍ ഗൂഢോലോചന നടന്നിട്ടുണ്ട്. പിന്നില്‍ ആരാണെന്ന് മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.
നുണപ്രചാരണം നടത്തി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി. ശ്രമിക്കുകയാണ്. ബി.ജെ.പിയുടെ പ്രേരണയില്‍ നടക്കുന്ന ഗൂഢാലോചനയ്ക്ക് യു.ഡി.എഫ്. ഇന്ധനം പകരുന്നതിന്റെ അര്‍ഥമെന്താണെന്ന് മനസ്സിലാകുന്നില്ല.. പരാതി സർമർപ്പിച്ച ശഷം ജലീല്‍ മാധ്യമങ്ങളോടു പറഞ്ഞു.
സ്വപ്‌ന ചൊവ്വാഴ്ച നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ അനില്‍കാന്തിനെ മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഈ കൂടിക്കാഴ്ച അവസാനിച്ച് തൊട്ടുപിന്നാലെയാണ് സ്വപ്‌നയ്‌ക്കെതിരേയുള്ള പരാതിയുമായി ജലീല്‍ സ്റ്റേഷനില്‍ എത്തിയത്.
വേദനാജനകവും രാഷ്ട്രീയ ദുരുദ്ദേശത്തോടെയുമുള്ള നുണപ്രചാരണമാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും വ്യക്തിപരമായി തനിക്കെതിരെയും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന നടത്തിയിട്ടുള്ളതെന്ന് ജലീല്‍ പരാതിയില്‍ ആരോപിച്ചു.
വിവാദങ്ങൾക്കിടെ സരിത്തിനെ വിജിലൻസ് പൊക്കി
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്‌ളാറ്റില്‍നിന്ന് കൊണ്ടുപോയത് വിജിലന്‍സ് സംഘം. വിജിലന്‍സിന്റെ പാലക്കാട് യൂണിറ്റാണ് സരിത്തിനെ ബുധനാഴ്ച രാവിലെ ഫ്‌ളാറ്റില്‍നിന്ന് കൊണ്ടുപോയത്. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനാണ് സരിത്തിനെ കൊണ്ടുപോയതെന്നാണ് വിജിലന്‍സിന്റെ വിശദീകരണം. പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും നോട്ടീസ് കൈപ്പറ്റിയ ശേഷം സരിത്ത് സ്വമേധയാ കൂടെവന്നുവെന്നും വിജിലന്‍സ് അറിയിച്ചു. സരിത്തിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുമെന്നും വിജിലന്‍സ് അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സുരക്ഷ ഉറപ്പാക്കണം – സ്വപ്ന
സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സാണെങ്കില്‍ ആദ്യം കൊണ്ടുപോകേണ്ടത് ശിവശങ്കറിനെയാണെന്ന് സ്വപ്‌ന സുരേഷ് പ്രതികരിച്ചു. ‘സരിത്തിനെ എന്തിനാണ് വിജിലന്‍സ് കൊണ്ടുപോയത്. അങ്ങനെയാണെങ്കില്‍ ആദ്യം ശിവശങ്കറിനെ കൊണ്ടുപോകണം, പിന്നെ സ്വപ്നയെ കൊണ്ടുപോകണം, അതിനുശേഷമേ സരിത്തിനെ കൊണ്ടുപോകാവൂ. ഒരു അറിയിപ്പും ഇല്ലാതെ തട്ടിക്കൊണ്ടുപോകുന്നത് എന്തിനാണ്? പൊളിറ്റിക്‌സ് ഈസ് എ ഡേര്‍ട്ടി ഗെയിം, എനിക്ക് ഭയമില്ല, വീട്ടിലുള്ളവരെയും സഹായിക്കുന്നവരെയും തട്ടിക്കൊണ്ടുപോകുന്നതിന് പകരം എന്നെ കൊല്ലൂ’, സ്വപ്‌ന പറഞ്ഞു. സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സംഭവത്തില്‍ പരാതി നല്‍കുമെന്നും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുമെന്നും സ്വപ്‌ന വ്യക്തമാക്കി.
സരിത്തിന്റെ പേരില്‍ ഒരു എഫ്.ഐ.ആറും ഇനിയില്ല. അദ്ദേഹത്തിന്റെ പേരിലുള്ള കേസില്‍ ജാമ്യം ലഭിച്ചതുമാണ്. പിന്നെ എന്തിനാണ് തട്ടിക്കൊണ്ടുപോകുന്നതെന്നും ഇതാണോ കേരള പോലീസിന്റെ നിലവാരമെന്നും സ്വപ്ന ചോദിച്ചു. തനിക്കും ഒപ്പമുള്ളവര്‍ക്കും മുഖ്യമന്ത്രി സംരക്ഷണം ഉറപ്പുവരുത്തണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു.