മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ വീണ്ടും പാമ്പിനെ പിടികൂടി. ഒരാഴ്ചയായി ആശുപത്രിയിൽ പാമ്പ് ശല്യം തുടരുന്നു. പതിനഞ്ചാം തവണയാണ് ഇവിടെ നിന്നും പാമ്പിനെ പിടികൂടുന്നത്. വെള്ളിയാഴ്ച രാവിലെ സര്‍ജിക്കല്‍ വാര്‍ഡിലെ വാതിലിന്റെ ഫ്രെയ്മിനുള്ളില്‍ കയറിയ പാമ്പിനെയാണ് പിടികൂടിയത്. വാതില്‍ അഴിച്ചുമാറ്റിയ ശേഷം പുറത്തെടുത്ത് കുപ്പിയിലാക്കി.
ഫ്രെയ്മിനുള്ളില്‍ വെള്ളമൊഴിച്ചാണ് പാമ്പിനെ ചാടിച്ച് പിടികൂടിയത്. വ്യാഴാഴ്ച സര്‍ജിക്കല്‍ വാര്‍ഡിനോടു ചേര്‍ന്നുള്ള പഴയ ഓപ്പറേഷന്‍ തീയേറ്ററില്‍ മുറിയില്‍ മൂന്ന് മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ 15 പാമ്പുകളെയാണ് ഇവിടെനിന്നു പിടികൂടിയത്.
ബുധനാഴ്ചയോടെ മുഴുവന്‍ രോഗികളേയും സര്‍ജിക്കല്‍ വാര്‍ഡില്‍നിന്ന് മാറ്റിയതിനാല്‍ വാര്‍ഡും പരിസരവും ആളൊഴിഞ്ഞിരിക്കുകയാണ്. പാമ്പ് വരുന്നതെന്ന് കരുതുന്ന മാളങ്ങള്‍ അടക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവീകരണം കഴിഞ്ഞശേഷമായിരിക്കും ഇനി സര്‍ജിക്കല്‍ വാര്‍ഡ് തുറക്കുക.