കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന പുതിയ ബ്രാന്‍ഡി മാർച്ച് മാസത്തോടെ വിപണിയില്‍ എത്തിക്കുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി യോഗേഷ് ഗുപ്ത അറിയിച്ചു. മലബാര്‍ ബ്രാണ്ടി എന്ന പേരിലായിരിക്കും പുതിയ മദ്യം വിപണിയിലിറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് ഉല്‍പാദിപ്പിക്കുന്ന ജവാന്‍ റമ്മാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ഏക മദ്യം. ഇതിന്റെ ഉത്പാദനം കൂട്ടുമെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി പറഞ്ഞു. വിപണിയിൽ ഏറ്റവും മോശമായ രീതിയിൽ പാക്ക് ചെയത് വിപണനം ചെയ്യുന്ന ബ്രാൻ്റാണ് ജവാൻ. അവശ്യത്തിന് അനുസരിച്ച ഉല്പാദനവും ഇല്ല. ഇതിനിടയിലാണ് പുതിയ ബ്രാൻ്റ് പ്രഖ്യാപിക്കുന്നത്.
മാർച്ചിന് മുൻപ് പുതിയ മദ്യം പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്കായിരിക്കും വില്‍പ്പന. ചിറ്റൂരിലുള്ള മലബാര്‍ ഡിസ്റ്റലറീസിലാണ് മലബാര്‍ ബ്രാന്‍ഡി ഉത്പാദിപ്പിക്കുക. ഇതിനായി ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
വില കുറഞ്ഞ ബ്രാന്‍ഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ചും സര്‍ക്കാര്‍ മേഖലയില്‍ മദ്യത്തിന്റെ ഉത്പാദനം കൂട്ടാനും ലക്ഷ്യമിട്ടാണ് മലബാര്‍ ബ്രാന്‍ഡിയുടെ നിര്‍മാണം. ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം തുടങ്ങും. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.


