സർവകലാശാല കാമ്പസിനുള്ളില്‍ ദോഷ പരിഹാരത്തിന് ഹോമം നടത്താനൊരുങ്ങി ആന്ധ്രയിലെ അനന്തപൂരിലുള്ള ശ്രീകൃഷ്ണദേവരയ്യ സര്‍വകലാശാല. ഇതിനായി വൈസ് ചാന്‍സിലർ ഔദ്യോഗിക സർക്കുലർ പുറപ്പെടുവിച്ചു. ജീവനക്കാരുടെ മരണത്തെത്തുടര്‍ന്നുണ്ടായ ദോഷം തീര്‍ക്കാനാണ് മഹാമൃത്യുഞ്ജയ ശാന്തി ഹോമം നടത്തുന്നതായാണ് സർവകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. രാമകൃഷ്ണ റെഡ്ഡിയുടെ അറിയിപ്പ്.
ഫെബ്രുവരി 24-ന് രാവിലെയാണ് ഹോമം. മാത്രമല്ല ഇതിന് നിർബന്ധിത പിരിവും നടത്തുന്നുണ്ട്. അധ്യാപക ജീവനക്കാർ 500 രൂപയും അനധ്യാപക ജീവനക്കാർ 100 രൂപയും വീതം നല്‍കണമെന്നാണ് വൈസ് ചാൻസലറുടെ ഉത്തരവ്.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിവിധ കാരണങ്ങളാല്‍ സര്‍വകലാശാലയിലെ അഞ്ച് ജീവനക്കാര്‍ മരിച്ചു. ഇതിന് കാരണമായ ദോഷപരിഹരത്തിനു വേണ്ടിയാണ് ഹോമം നടത്തുന്നതെന്നാണ് സർക്കുലറില്‍ വിശദമാക്കിയിട്ടുള്ളത്.
കാമ്പസിനുള്ളില്‍ മതപരമായ ചടങ്ങ് നടത്തുന്നതിനെതിരേ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. മതപരമായ ചടങ്ങുകള്‍ നടത്തേണ്ട ഇടമല്ല സര്‍വകലാശാല കാമ്പസ് എന്നും വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധവുമായി ഇറങ്ങി എങ്കിലും വകവയ്ക്കാതെ ഹോമവുമായി മുന്നോട്ട് പോകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം.


