സംസ്ഥാന ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയും ക്രമക്കേടും നടന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് വിശദീകരണം. ഡെപ്യൂട്ടി ഡയറക്ടറേറ്റ് റീജണല്‍ ഓഫീസുകളിലും പരിശോധന നടത്തി.
ഇത്തരം സ്ഥാപനങ്ങളിൽ അധ്യാപക അനധ്യാപക നിയമനം കോഴയുടെ അടിസ്ഥാനത്തിലാണ് എന്നത് കാലങ്ങളായി എല്ലാ ഏജൻസികൾക്കും അറിയാവുന്നതാണ്. മാത്രമല്ല ഈ ഒഴിവുകൾ വിൽക്കുന്നതിന് ഇടനിലക്കാരായി നിൽക്കുന്നതും ബന്ധപ്പെട്ട സർക്കാർ ശമ്പളം വാങ്ങിക്കുന്നവർ തന്നെയാണ്. എല്ലാ കാലത്തും ഇത് പരസ്യമാണ്. നിയമനം പി എസ് സിക്ക് വിടമെന്ന ആവശ്യത്തിന് മുന്നിൽ സർക്കാരുകൾ നിസ്സഹായമായി സമ്മർദ്ദത്തിന് വഴങ്ങി മാറി നിൽക്കുകയുമാണ്.
ഇതിനിടിയിൽ പരിശോധന വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നു വിശദീകരിക്കുന്നു. സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിലും തിരുവനന്തപുരം, ചെങ്ങനൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസിലും പരിശോധന നടന്നു.
‘ഓപ്പറേഷന് റെഡ് ടേപ്പ്’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി രാവിലെ 11 മണി മുതലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന ആരംഭിച്ചത്. അധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട സെക്ഷനുകളിലും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്ഷനുകളിലുമാണ് റെയ്ഡ് നടന്നത്.


