മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാമിനെയും പി.കെ.കുഞ്ഞാലിക്കുട്ടിയേയും പ്രതിക്കൂട്ടിൽ നിർത്തി എം.എസ്.എഫില്‍നിന്ന് പുറത്താക്കപ്പെട്ട മുന്‍ നേതാക്കള്‍.
ഹരിത വിഷയത്തില്‍ ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രതികരണവും എ.ആര്‍.നഗര്‍ ബാങ്ക് ഇടപാടില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.ടി.ജലീലും കൂടിക്കാഴ്ച നടത്തിയ വിവരവും പുറത്ത് വന്നതിന് പിന്നിലെയാണ് പ്രതികരണം. ഇതിന് പിന്നിൽ
പി.എം.എ.സലാമാണെന്നാണ് ആരോപണം. എ.ആര്‍.നഗര്‍ ബാങ്കില്‍ പി.കെ.കുഞ്ഞാലിക്കുട്ടി പൊളിറ്റിക്കല്‍ സെറ്റില്‍മെന്റ് നടത്തി. ലീഗ് നേതാക്കളെ മോശമാക്കി ചിത്രീകരിച്ച് സ്വാധീനം ഉറപ്പിക്കാനാണ് പി.എം.എ.സലാമിന്റെ ശ്രമമെന്നും മുന്‍ എം.എസ്.എഫ്. നേതാക്കള്‍ പറയുന്നു.
ലീഗ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയാണ് മുന്‍ എം.എസ്.എഫ്. നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ഹരിത വിഷയത്തില്‍ എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസിനെതിരെ ഇ.ടി.മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത് വന്നതോടെ ആത്മവിശ്വാസം വര്‍ധിച്ചെന്നും നേതാക്കള്‍ പറയുന്നു. സത്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഹരിത വിവാദത്തില്‍ ഒറ്റക്കെട്ടായി നിന്നാണ് തീരുമാനം എടുത്തതെന്ന അവകാശവാദവും ഇതോടെ പൊളിഞ്ഞു.
പി.കെ.നവാസിനെതിരെ പരാതി നല്‍കിയ ഹരിത നേതാക്കളെ പിന്തുണച്ചതിനാണ് ലത്തീഫ് തുറയൂര്‍, പി.പി.ഷൈജല്‍, കെ.എം ഫവാസ് തുടങ്ങിയ എംഎസ്എഫ് നേതാക്കളെ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് മുന്‍പ് പുറത്താക്കിയത്. ഹരിത തന്നെയും ഇല്ലാതാക്കിയിരുന്നു.