രാജസ്ഥാനിൽ നിന്ന് കാണാതായ രണ്ട് യുവാക്കളെ ഹരിയാനയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറ് ബജ്റംഗ്ദൾ പ്രവർത്തർക്കെതിരെ കേസ്. പശുക്കടത്ത് ആരോപിച്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയവർ ചുട്ടുകൊല്ലുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പരാതി നൽകി. ഹരിയാനയിലെ ഭിവാനി ജില്ലയിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ പഹാരി തഹസിൽ ഘട്മീക ഗ്രാമ വാസികളായ നസീർ (25), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ചയാണ് രാജസ്ഥാനിൽ നിന്ന് ഇരുവരെയും അജ്ഞാതർ തട്ടിക്കൊണ്ടു പോയത്. യുവാക്കളെ തട്ടിക്കൊണ്ടുപോയവർ തീകൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകും. വിവിധ വകുപ്പുകൾ പ്രകാരം രാജസ്ഥാനിലെ ഗോപാൽ ഗഡ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രിയാണ് ഇരുവരുടെയും കുടുംബാംഗങ്ങൾ യുവാക്കളെ തട്ടിക്കൊണ്ടുപോയതായി ഗോപാൽഗഡ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. ബൊലേറോ കാറിൽ എത്തിയ ഇവരെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുടുംബാംഗങ്ങൾ ചിലരുടെ പേര് പറഞ്ഞിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.കൊല്ലപ്പെട്ട ജുനൈദിനെതിരെ മുമ്പ് പശുക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഐജി പറഞ്ഞു.
കഴിഞ്ഞ മാസം പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ ചിലർ യുവാവിനെ തല്ലിക്കൊന്നത് വാർത്തയായിരുന്നു. മേവാത്തി ജില്ലയിലെ ഹുസൈന്‍പൂര്‍ സ്വദേശിയായ വാരിസ് എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. ബജ്രംഗ്ദള്‍ നേതാവായ മോനു മനേസര്‍ എന്നയാളുടെ നേതൃത്വത്തിലാണ് യുവാവിനെ കൊലപ്പെടുത്തിയത് എന്ന് കുടുംബം പൊലീസിൽ പരാതിപ്പെട്ടിരുന്നു.


