മനസാക്ഷിയെ നടുക്കിയ ഹാഥ്റസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളെ ഉത്തര്‍ പ്രദേശിലെ കോടതി വെറുതെ വിട്ടു. മുഖ്യപ്രതി മാത്രം കുറ്റക്കാരനെന്ന് കോടതി വിധിച്ചു. 20കാരനായ സന്ദീപിനെയാണ് എസ് സി/ എസ്ടി കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മറ്റ് പ്രതികളായ ലവ് കുശ് (23), രവി (35), രാം കുമാർ (26) എന്നിവരെ തെളിവ് ഇല്ലാത്തതിനാൽ കോടതി വെറുതെ വിട്ടു.
പൊലീസിനും ജില്ലാ ഭരണ കൂടത്തിനും എതിരെ തുടക്കം മുതൽ ആരോപണം ഉയർന്ന കേസാണ്. രാജ്യ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടി വന്നു. സി ബി ഐ അന്വേഷിച്ച കേസിൽ നാല് പേർക്ക് എതിരെ കൂട്ട ബലാത്സഗത്തിനും കൊലപാതകത്തിനും കുറ്റപത്രം നൽകിയിരുന്നു.
മുഖ്യപ്രതിക്ക് എതിരെ വെറും നരഹത്യാ കുറ്റം
2020-ലെ ഹാഥ്റസ് കേസില്‍ മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂറിനെ മാത്രമാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റകരമായ നരഹത്യാക്കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരേ കോടതിയില്‍ തെളിയിക്കാനായത്. ഇത് ഭാവിയിൽ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. കേസിലെ മറ്റുപ്രതികളായ രാമു സന്ദീപിന്റെ ബന്ധുവും മറ്റുള്ളവര്‍ സന്ദീപിന്റെ സുഹൃത്തുക്കളുമാണ്.
2020 സെപ്റ്റംബറിലാണ് രാജ്യത്തെ നടുക്കിയ ഹാഥ്റസ് കൂട്ടബലാത്സംഗം നടന്നത്. 19-കാരിയായ ദളിത് പെണ്‍കുട്ടിയെ മേല്‍ജാതിയില്‍പ്പെട്ട നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് മരിച്ചത്. ഈ സാഹചര്യത്തിൽ കുട്ടിയുടെ മൊഴി ഉണ്ടായിരുന്നു. നെട്ടെല്ല് പൊട്ടി നാവ് കടിച്ച് മുറിച്ച നിലയിൽ പാടത്തിന് നടുവിലാണ് കുട്ടിയെ അതി നീചമായി ബലാത്സംഗം ചെയ്ത നിലയിൽ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ വന്‍പ്രതിഷേധങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്. അര്‍ധരാത്രി ജില്ലാ ഭരണകൂടം പെണ്‍കുട്ടിയുടെ സംസ്കാരചടങ്ങുകള്‍ നടത്തിയത് വൻ വാർത്തയായി. തുടർന്ന് കുടുംബത്തെ വീട്ടില്‍ ബന്ദിയാക്കിയതും വന്‍വിവാദമായി. സംഭവത്തില്‍ യു.പി.യിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു. രാജ്യ തലസ്ഥാനത്ത് നിന്നും 200 കിലോ മീറ്റർ മാത്രം അകലത്തിലാണ് ഹാഥ്റസ്. 2012 ലെ ഡൽഹി കൂട്ടബലാത്സംഗ കേസിന് പിന്നാലെ കടുത്ത നിയമ പരിരക്ഷ ഇത്തരം കേസുകളിൽ നിലവിൽ വന്നിരുന്നു. ഉത്തർ പ്രദേശിലെ ഹഥ്റസിലേത് സി ബി ഐ അന്വേഷിച്ച കേസാണ്.



