മത ഭരണകൂടത്തെ കൂസാതെ ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന കായിക മത്സരത്തില്‍ ഹിജാബ് ധരിക്കാതെ പങ്കടുത്ത ഇറാനില്‍ നിന്നുള്ള ക്ലൈമ്പിങ് താരം എല്‍നാസ് റെഖാബിയ്ക്ക് ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ ജനകീയ വരവേല്‍പ്പ്.
ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്‌പോര്‍ട് ക്ലൈമ്പിങ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് എല്‍നാസ് റെഖാബി ഹിജാബ് ധരിക്കാതെ മത്സരിച്ചത്. വിമാനത്താവളത്തിന് പുറത്ത് ഒരുമിച്ച് കൂടിയ ജനക്കൂട്ടം ആര്‍പ്പുവിളികളോടെയാണ് താരത്തെ സ്വീകരിച്ചത്.

മത്സരം കഴിഞ്ഞയുടനെ 33 കാരിയായ റെഖാബിയെ കാണാനില്ലെന്ന് വാർത്ത പരന്നിരുന്നു. പതിനായരങ്ങൾ സ്വീകരിക്കാൻ എത്തി എങ്കിലും മത ഭരണകൂടത്തിൻ്റെ വിചാരണയ്ക്ക് വേധേയമാവേണ്ടി വരും എന്നാണ് വാർത്തകൾ. ഇവരെ വിമാനത്താവളത്തിൽ നിന്നും അധികാരികൾ ഇടപെട്ട് അജ്ഞാതമായ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും വാർത്തകളുണ്ട്.
ഇത് ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചാണെന്ന് കാണിച്ച് ഇറാന്‍ ഗവണ്‍മെന്റ് താരത്തെ തിരിച്ചുവിളിച്ചിരുന്നു. ഹിജാബ് ധരിക്കാതെ മത്സരത്തിന് ഇറങ്ങിയത് മന:പൂര്‍വ്വമല്ലെന്നും തന്റെ നടപടികള്‍ വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ക്ക് പറയേണ്ടി വന്നു.
താരത്തിന്റെ ഫോണും പാസ്‌പോര്‍ട്ടും അധികൃതര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം വ്യാജമാണെന്നാണ് ഇറാന്‍ എംബസിയുടെ വിശദീകണം.
എയര്‍പോര്‍ട്ടില്‍ എത്തിയ മാധ്യമങ്ങളോടും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലെ വാക്കുകള്‍ തന്നെയാണ് എല്‍നാസ് ആവര്‍ത്തിച്ചത്. തന്നെ അപ്രതീക്ഷിതമായി മത്സരത്തിന് വിളിച്ചെന്നും ധൃതിയില്‍ ഹിജാബ് മറന്നതാണെന്നുമാണ് എല്‍നാസിന്റെ വിശദീകരണം. എന്നാൽ പ്രതിഷേധത്തിൻ്റെ പുതിയ മാനങ്ങൾ ഉൾക്കൊണ്ട് ജനക്കൂട്ടം ഒന്നായി എത്തി.


