മാർബർഗ് വൈറസ് ആഗോള ഭീഷണിയായതോടെ ഗൾഫ് രാജ്യങ്ങളിലും അതീവജാഗ്രതാ നിർദേശം. അന്താരാഷട്ര യാത്രകൾ സ്ഥിരമായി നടത്തുന്നവർക്ക് പ്രത്യേക മുന്നറിയിപ്പും ഉണ്ട്. എബോളയുമായി സാമ്യമുള്ള ഈ വൈറസ് രോഗം ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യു.എ.ഇ., സൗദി അറേബ്യ എന്നിവയ്ക്ക് പിന്നാലെ ബുധനാഴ്ച ഖത്തർ ആരോഗ്യമന്ത്രാലയവും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്ന് വ്യക്തമാക്കി പത്രകുറിപ്പ് ഇറക്കി. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെയുള്ള ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഖത്തർ പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം നിർദേശിച്ചു.
മാറ്റിവെക്കാനാകാത്ത കാരണങ്ങളാൽ ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർ, ഇരു രാജ്യങ്ങളിലെയും പ്രാദേശിക ആരോഗ്യ അധികൃതർ നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ച ശേഷം ഖത്തറിലെത്തുന്ന യാത്രികർ, 21 ദിവസം വരെ നിരീക്ഷണത്തിൽ കഴിയണം.
കഴിഞ്ഞദിവസം യു.എ.ഇ. യും കരുതൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. സൗദി ആരോഗ്യമന്ത്രാലയവും അതീവ സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും പ്രാദേശിക അധികൃതർ മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കാൻ സൗദി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹെമറേജിക് ഫീവർ കോവിഡിനെക്കാൾ ഇരട്ടി മരണകാരി
ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാർബർഗ് വൈറസ് മാരകമാണ്. രോഗം ബാധിച്ചാല്‍ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. 1967-ല്‍ ഫ്രാങ്ക്ഫര്‍ട്ട്, ജര്‍മനി, ബെല്‍ഗ്രേഡ്, സെര്‍ബിയ എന്നിവിടങ്ങളില്‍ മാര്‍ബര്‍ഗ് വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രോഗിയുടെ ശരീരത്തിലെ മുറിവുകള്‍, രക്തം, ശരീര സ്രവങ്ങള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ രോഗം ബാധിക്കും. ഈ സ്രവങ്ങള്‍ പടര്‍ന്നിട്ടുള്ള ഉപരിതലം വഴിയും രോഗവ്യാപനമുണ്ടാകാം. രോഗലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുകയാണ് രോഗപ്രതിരോധത്തിനുള്ള മാർഗം.
ലക്ഷണങ്ങള്‍
- ഉയര്‍ന്ന പനി
- അസഹ്യമായ തലവേദന
- പേശിവേദന
- ശരീരവേദന
- ഛര്‍ദി
- അടിവയര്‍ വേദന
- വയറിളക്കം
രോഗം തീവ്രമാകുന്നതോടെ കഠിനമായ ആലസ്യം, കുഴിഞ്ഞ കണ്ണുകള്‍, വലിഞ്ഞു മുറുകിയ മുഖം എന്നിവ കാണപ്പെടാം. ഏഴുദിവസത്തിനുള്ളില്‍ ബ്രെയിന്‍ ഹെമറേജും രക്തസ്രാവവും ഉണ്ടായാണ് മരണം സംഭവിക്കുന്നത്.


