സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും ഡ്രൈവറോടൊപ്പമുള്ള ക്യാബിനില്‍ ഇരിക്കുന്ന വ്യക്തിക്കുമായിരിക്കും സീറ്റ് ബെല്‍റ്റ് ബാധകമാകുകയെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (Seat Belt, Heavy Vehicle,)
കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് തീരുമാനം ബാധകമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആരാണ് നിയമ ലംഘനം നടത്തുന്നതും മറച്ചു വെക്കുന്നതും
എന്നാൽ ഹെവി വാഹനങ്ങളിൽ നിർമ്മിത മോഡലുകൾക്ക് സീറ്റ് ബെൽറ്റ് സംവിധാനം ഘടിപ്പിച്ചല്ല പുറത്തിറങ്ങുന്നത്. ഇത് എങ്ങിനെ നടപ്പാക്കും എന്ന പ്രായോഗിക പ്രശ്നമുണ്ട്. മാത്രമല്ല വാഹനങ്ങൾ വിൽക്കുമ്പോൾ തന്നെ ഇവ ഘടിപ്പിക്കണം എന്നു നിഷ്കർഷിക്കുന്നുമില്ല. നിയമം നടപ്പാക്കുകയും സർക്കാർ പക്ഷത്തു നിന്ന് ചെയ്യേണ്ട പ്രഥമിക നിഷ്കർഷകൾ തന്നെ ഇല്ലാതിരിക്കയും ചെയ്യുന്നത് സംശയങ്ങളും വിമർശനവും ഉയർത്തുന്നുണ്ട്. ടിപ്പർ ലോറികൾ, മത്സ്യവും മറ്റും കയറ്റി കൊണ്ടു പോകുന്ന ഇടത്തരം ലോറികൾ, മിനി കണ്ടെയിനർ വണ്ടികൾ എന്നിവയെല്ലാം റോഡിൽ മരണപ്പാച്ചിൽ നടത്തുന്നവയാണ്.
നേരത്തെ യാത്രക്കാരെ കയറ്റുന്ന ബസുകളിൽ സ്പീഡ് ഗവർണർ നിബന്ധന കൊണ്ടു വന്നിരുന്നു. ഇത് അഴിച്ചിട്ടാണ് ഇപ്പോൾ വാഹനങ്ങൾ കുതിക്കുന്നത്. സ്വകാര്യ ബസുകളെ കൃത്യമായി നിരീക്ഷിച്ചാൽ തന്നെ റോഡപകടങ്ങൾ കുറയും. എന്നാൽ സംഘടതി ശക്തിയായാണ് ഇത്തരം വാഹനങ്ങളുടെ നിയമ ലംഘനങ്ങൾ മറയ്ക്കപ്പെടുന്നത്. സർക്കാർ സംവിധാനങ്ങൾ ഇതിനു മുന്നിൽ നിശ്ശബ്ദത പാലിക്കാറാണ്. പൊലീസ് പരിശോധന സംബന്ധിച്ചും പരാതികളുണ്ട്. ഏതെങ്കിലും സംന്ദർഭങ്ങളിൽ എന്തെങ്കിലും പരാതിയെ പ്രത്യേക സാഹചര്യമോ ഉണ്ടാകുമ്പോൾ മാത്രമാണ് മുഖം രക്ഷിക്കൽ നടപടി ഉണ്ടാവാറുള്ളത്.
കേരളത്തിലെ ഏറ്റവും വലിയ നിയമ ലംഘകർ ഇരുചക്രവാഹനക്കാരാണ് എന്ന മട്ടിലാണ് സർക്കാരും ഗതാഗത പൊലിസ് അധികാരികളും പ്രതികരിക്കുന്നത്. ഏറ്റവും അധികം ഇതര വാഹനങ്ങളുടെ നിയമ ലംഘനങ്ങൾക്ക് ഇരയാവുന്നത് ഇരു ചക്രവാഹനം ഓടിക്കുന്നവരാണ്.
രണ്ടു പേരും ഹെൽമറ്റ് ധരിക്കണം, കുട്ടികളെ സ്കൂളിലാക്കാനും വയ്യ
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന രണ്ട് പേരും ഹെല്‍മറ്റ് ധരിക്കണം. ഇതില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അത് നിയമലംഘനമായി കണക്കാക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ശരാശരി 12 പേരാണ് ഒരു ദിവസം റോഡപകടങ്ങളില്‍ മരണപ്പെടുന്നത്. ഈ കണക്ക് വച്ച് പരിശോധിക്കുമ്പോള്‍ കഴിഞ്ഞ നാല് ദിവസങ്ങളില്‍ 48 മരണങ്ങള്‍ സംഭവിക്കേണ്ടതാണ്. എന്നാൽ കഴിഞ്ഞ നാല് ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ മരണസംഖ്യയിൽ ഗണ്യമായ കുറവുണ്ട്. 28 മരണങ്ങളാണ് കഴിഞ്ഞ നാല് ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്. സംവിധാനങ്ങളോട് ജനങ്ങള്‍ നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.



