ഹോട്ടലുടമയെ വെട്ടി നുറുക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ച സംഭവം ഹണിട്രാപ്പെന്ന് പൊലീസ്. തിരൂർ സ്വദേശിയായ സിദ്ദിഖിനെ ഹണിട്രാപ്പിൽ കുരുക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ. മുഖ്യ പ്രതിയുടെ പതിനെട്ടു കാരിയായ കാമുകി ഫർഹാനയെ മുൻനിർത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. മെയ് 18 ന് ഹോട്ടലിലെത്തിയ സിദ്ധിഖിനെ തർക്കത്തിനിടെ കൊലപ്പെടുത്തുകയായിരുന്നു.
സിദ്ധിഖ് പ്രതിരോധിക്കുകയാണെങ്കിൽ മർദ്ദിക്കാൻ കൈയ്യിൽ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങൾ കരുതിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മലപ്പുറം എസ് പി സുജിത് ദാസാണ് അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇന്നലെ രാത്രി മലപ്പുറത്ത് എത്തിച്ചത് മുതൽ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയത്. (hotel owners murder)
ഫർഹാനയ്ക്ക് ഒപ്പം നഗ്നനാക്കി
സിദ്ധിഖിനെ ഫർഹാനയ്ക്ക് ഒപ്പം നഗ്നനാക്കി നിർത്തി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു ഷിബിലിയുടെയും ഫർഹാനയുടെയും ആഷിഖിന്റെയും പദ്ധതിയെന്നും എസ് പി പറഞ്ഞു.
മുറിയിൽ വെച്ച് നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ തർക്കമുണ്ടായി. ഇതിനിടയിൽ മൂന്ന് പേരും താഴെ വീണു. ഈ സമയത്ത് ഫർഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഷിഖ് ഈ സമയത്ത് സിദ്ധിഖിന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി. വാരിയെല്ലുകൾ തകർന്നു. ശ്വാസകോശം മുറിവേൽക്കുകയും ചെയ്തു.
ഷിബിലി സിദ്ദിഖിൻ്റെ ഹോട്ടലിൽ ജോലി ചെയ്തിരുന്നു. 15 ദിവസം മാത്രമാണ് തുടർന്നത്. പിന്നീട് സ്വഭാവ ദൂഷ്യത്തെ തുടർന്ന് പുറത്താക്കുകയായിരുന്നു എന്നാണ് സഹപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നത്.

മൃതദേഹം ബാഗിലാക്കാൻ ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മുറിച്ചു
സിദ്ധിഖ് മരിച്ച ശേഷം പ്രതികൾ കോഴിക്കോട് നിന്ന് ട്രോളി ബാഗ് വാങ്ങി. എന്നാൽ മൃതദേഹം ഒരു ബാഗിൽ ഒതുങ്ങിയില്ല. തുടർന്ന് തൊട്ടടുത്ത ദിവസം കോഴിക്കോട് നിന്ന് ഇലക്ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും വാങ്ങി. ഹോട്ടൽ മുറിയിലെ ശുചിമുറിക്കകത്ത് വെച്ച് മൃതദേഹം വെട്ടിമുറിച്ച് ബാഗിലാക്കുകയായിരുന്നു. പിന്നീട് മെയ് 19 നാണ് മൃതദേഹം അട്ടപ്പാടിയിലെ കൊക്കയിൽ കൊണ്ടുപോയി തള്ളിയത്.
പണം പിൻവലിച്ച എടിഎമ്മിലെ ചിത്രം തിരിച്ചറിഞ്ഞു
ഇക്കഴിഞ്ഞ 18നാണ് സിദ്ധിഖിനെ കാണാതായത്. അന്നുതന്നെ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടർന്ന് 22 ന് മകൻ പോലീസിൽ പരാതി നൽകി. പിന്നീടുളള അന്വേഷണത്തിലാണ് സിദ്ദീഖിന്‍റെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു ഷിബിലിയെയും കാണാതായ കാര്യം പൊലിസ് അറിഞ്ഞത്. പെരുമാറ്റ ദൂഷ്യത്തെ തുടർന്ന് ഇയാളെ സിദ്ദിഖ് പറഞ്ഞ വിടുകയായിരുന്നുവെന്നും വ്യക്തമായി. ഇതിനു പിന്നാലെ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖ് മുറിയെടുത്ത വിവരവും അന്വേഷണ സംഘത്തിന് കിട്ടി. സിദ്ദീഖിനെ കാണാതായ അന്ന് മുതല്‍ സിദ്ദീഖിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കുന്ന കാര്യം കുടുംബാംഗങ്ങൾ പോലീസിനെ അറിയിക്കുകയും ചെയ്തു.
പിന്നീട് ഷിബിലിയെ കേന്ദ്രീകരിച്ചായി പൊലീസിന്‍റെ അന്വേഷണം. ഷിബിലിക്കൊപ്പം ഫര്‍ഹാനയെന്ന 18കാരി കൂടി ഉണ്ടെന്നും പൊലീസിന് വ്യക്തമായി. ഇവരിലേക്ക് അന്വേഷണം നീളുന്ന ഘട്ടത്തിലാണ് ഇരുവരും സിദ്ദീഖിന്‍റെ കാര്‍ ഉപേക്ഷിച്ച് കേരളം വിട്ടത്. ഇരുവരും ചൈന്നൈയിലേക്ക് കടന്ന കാര്യം തിരൂര്‍ പൊലീസ് റെയില്‍വേ പൊലീസിന് കൈമാറി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രധാന പ്രതികളായ ഷിബിലിയും ഫർഹാനയെയും ചെന്നൈ റെയിൽവേ പോലീസിന്റെ പിടിയിലായത് . തുടർന്ന് ഇരുവരും നടത്തിയ വെളിപ്പെടുത്തലിലാണ് സിദ്ദിഖിനെ കൊലപ്പെടുത്തി അട്ടപ്പാടി വനമേഖലയിൽ ഉപേക്ഷിച്ചു വന്ന കാര്യം പോലീസിനെ സ്ഥിരീകരിക്കാൻ ആയത്. തുടർന്നാണ് ഇന്ന് രാവിലെ പോലീസ് സ്ഥലത്തെത്തി രണ്ട് ട്രോളി ബാഗുകളിലായി ഉപേക്ഷിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്.
ഫർഹാനയെ പീഡിപ്പിച്ചതിന് ജയിലിലായി, പിന്നീട് പ്രണയം
ഫർഹാനയും ഷിബിലിയും തമ്മിൽ വർഷങ്ങളുടെ പരിചയമാണ് ഉള്ളതെന്ന് ഫർഹാനയുടെ ഉമ്മ വെളിപ്പെടുത്തി. റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഫർഹാന ആദ്യമായി സിദ്ദിഖിനെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്റെ ഭാഗമായാണ് ഫർഹാന ഷിബിലിക്ക് ജോലി വാങ്ങി കൊടുക്കുന്നത്. ഫർഹാനയും ഷിബിലിയും തമ്മിൽ 7-ാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു. പിന്നീട് 2021 ൽ ഷിബിലിക്കെതിരെ ഫർഹാന തന്നെ പോക്‌സോ കേസ് നൽകിയിരുന്നു. തുടർന്ന് ഷിബിലി ജയിലിലായി. പിന്നീട് ഇരുവരും വീണ്ടും പ്രണയത്തിലായി.
‘ഷിബിലി ചെയ്യിച്ചതാവും എല്ലാം. ഫർഹാനയെ എല്ലാത്തിനും പ്രേരിപ്പിക്കുന്നത് ഷിബിലിയാണ്. ഫർഹാനയെ കടക്കാരിയാക്കിയതും ഷിബിലിയാണ്. മോഷ്ടിക്കാൻ പ്രേരിപ്പിച്ചതും ഷിബിലിയാണ്’- ഉമ്മ പറയുന്നു. ഷിബിലിയാണ് ഫർഹാനയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയത്. ഷിബിലിയുടെ ആധാർ കാർഡുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാനാണ് ഫർഹാനയെ കൊണ്ടുപോയതെന്നും ഉമ്മ പറയുന്നു. ഇതല്ലാതെ തങ്ങൾക്ക് കേസുമായി ബന്ധപ്പെട്ട് ഒന്നുമറിയില്ലെന്ന് അവർ വെളിപ്പെടുത്തി.
ഫർഹാനയും ഷിബിലിയും തമ്മിൽ വിവാഹം കഴിക്കാൻ വേണ്ടി സമീപിച്ചെന്ന് ചളവറ മഹല്ല് കമ്മറ്റി സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ നോയമ്പിന് മുന്നോടിയായി വിവാഹം നടത്താനായിരുന്നു ആവശ്യം. എന്നാൽ ഷിബിലിയുടെ മഹല്ലിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. അതുകൊണ്ട് വിവാഹം നടത്തി കൊടുത്തില്ല.


