പുതിയ അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി നാസ മുന്നോട്ട്. പ്രതീക്ഷിച്ചതിലും ഇരട്ടി കാലം പിന്നിട്ട് ഇപ്പോഴത്തെ നിലയം പ്രവര്‍ത്തനം 2030 ന് അവസാനിപ്പിക്കും. ഈ നിലയം 2031 ല്‍ പസഫിക് സമുദ്രത്തില്‍ വീഴ്ത്തും. 1998 ല്‍ വിക്ഷേപിച്ച ബഹിരാകാശ നിലയം ജനുവരി 31 ന് പ്രവര്‍ത്തനം അവസാനിപ്പിച്ച് ഭ്രമണ പഥത്തില്‍ നിന്ന് ഒഴിവാക്കാനാണ് നാസയുടെ പദ്ധതി.

അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് മുമ്പ് തന്നെ 2020 കളുടെ അവസാനത്തോടെ പുതിയ നിലയം പ്രവര്‍ത്തന ക്ഷമമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബഹിരാകാശ നിലയം നിര്‍മിക്കുന്നതിന് മൂന്ന് സ്വകാര്യ കമ്പനികളുമായി ഇതിനകം നാസ കരാറൊപ്പിട്ടു കഴിഞ്ഞു. സ്വകാര്യ കമ്പനികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കും നാസയുടെ സ്വന്തം ഗവേഷകര്‍ക്കും ഉപയോഗിക്കാനാവുന്ന ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബ്ലൂ ഒറിജിന്‍, നാനോറാക്‌സ് എല്‍എല്‍സി, നോര്‍ത്ത്‌റോപ്പ് ഗ്രുമ്മന്‍ സിസ്റ്റംസ് കോര്‍പറേഷന്‍ എന്നീ കമ്പനികളുമായാണ് കരാര്‍.
ബഹിരാകാശ നിലയത്തിന് പ്രായമേറുന്നതിന്റെ ലക്ഷണമായി ചില വിള്ളലുകള്‍ കണ്ടെത്തിയതായി ഒരു റഷ്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷം കഴിയും തോറും ഇത് വലുതായേക്കാം. അത് പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ബഹിരാകാശ നിലയം 1998 ല്‍ വിക്ഷേപിക്കുമ്പോള്‍ 15 വര്‍ഷം വരെ പ്രവര്‍ത്തിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 2030 വരെ പ്രവര്‍ത്തിക്കാനുള്ള ആരോഗ്യം നിലയത്തിനുണ്ടെന്ന് നാസ പറഞ്ഞു. എങ്കിലും ഇത് സംബന്ധിച്ച് നിരന്തര പരിശോധനകള്‍ നടത്തുന്നുണ്ട്.
നിലവിലുള്ള ബഹിരാകാശ നിലയം ഭ്രമണ പഥത്തില്‍ നിന്ന് മാറ്റി ക്രമേണ ഭൂമിയിലേക്ക് കുതിക്കുകയും പസഫിക് സമുദ്രത്തില്‍ പോയിന്റ് നെമോ (Point Nemo) എന്നറിയപ്പെടുന്ന സ്ഥലത്ത് വന്ന് വീഴുകയും ചെയ്യും. കരയില്‍ നിന്ന് 2700 കീലോമീറ്റര്‍ ദൂരുപരിധിയിലുള്ള ഇടമാണിത്. ബഹിരാകാശ ശ്മശാനം എന്നറിയപ്പെടുന്ന ഇവിടെയാണ് പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങളും മറ്റ് മനുഷ്യ നിര്‍മിത ബഹിരാകാശ അവശിഷ്ടങ്ങളും വന്ന് പതിക്കാറുള്ളത്. മാത്രവുമല്ല ഈ മേഖലയില്‍ ചരക്കുനീക്കം ഉള്‍പ്പടെയുള്ള മനുഷ്യന്റെ ഇടപെടല്‍ ഒട്ടുമില്ലാത്ത ഇടവുമാണ്.
എന്തായാലും ഇനി എട്ട് വര്‍ഷം കൂടി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തുടരും. ഇതോടെ നിലയം അതിന്റെ മൂന്നാം ദശകത്തിലേക്ക് കടന്നു. ഒരു അമേരിക്കന്‍ ഫുട്ബാള്‍ ഗ്രൗണ്ടിന്റെ വലിപ്പമുള്ള ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും ഭൂമിയെ ചുറ്റുന്നുണ്ട്. 2000 മുതല്‍ ഇവിടെ സ്ഥിരമായി മനുഷ്യ സാന്നിധ്യമുണ്ട്.