തുമ്പ കടപ്പുറത്ത് ജീവനോടെ കൂറ്റൻ ഉടുമ്പന്‍ സ്രാവ് കരയ്ക്കടിഞ്ഞു. വല ദേഹത്ത് കുരുങ്ങിയ നിലയിൽ കരക്കടിഞ്ഞ് മൂന്നു മണിക്കൂറോളം ജീവന് വേണ്ടി പിടഞ്ഞു. തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ച് വിടാനുള്ള ശ്രമം നടത്തിയെങ്കിലും ചാവുകയായിരുന്നു. വലിയം വടം കെട്ടിയും തള്ളിയും കടലിലേക്ക് തിരികെ വിടാനായിരുന്നു ശ്രമം. രണ്ട് ടണ്ണോളം ഭാരംവരുന്ന കൂറ്റൻ സ്രാവാണ്.
കൂടുതൽ തൊഴിലാളികളും നാട്ടുകാരും എത്തി ശ്രമിച്ചിട്ടും നീക്കാൻ കഴിഞ്ഞില്ല. ഒരു ഘട്ടത്തിൽ മറിച്ചിടാൻ മാത്രമാണ് പറ്റിയത്. പക്ഷെ കരയിലേക്ക് വലയുമായുള്ള വരവിനിടയിൽ തന്നെ സ്രാവിന് ഗുരുതരമായ പ്രശ്നം സംഭവിച്ചിരുന്നു എന്നാണ് കരുതുന്നത്. കര ഭാഗത്തേക്ക് ഇത്തരം സ്രാവകൾ അല്ലാതെ നീന്തി എത്താറില്ല.
ഉച്ചക്ക് ഒന്നരയോടെയാണ് കൂറ്റൻ സ്രാവ് കരക്കടിഞ്ഞത്. വല ദേഹത്ത് കുരുങ്ങിയ നിലയിലായിരുന്നുവെങ്കിലും ഇത് മീൻപിടിത്തത്തിനിടയിൽ കുരുങ്ങിയതല്ലെന്നാണ് അവകാശപ്പെടുന്നത്.ചെകിളയിൽ മണൽ കയറിയതിനെ തുടർന്ന് അവശനിലയിലായിരുന്നു. കരയ്ക്കടിഞ്ഞ് നാലുമണിവരെ ചലനം ഉണ്ടായിരുന്നു എങ്കിലും ചത്തു.
ജീവനോടെ സ്രാവ് കരക്കടിഞ്ഞിരിക്കുന്നത് അപൂർവാണെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ ചത്ത സ്രാവുകൾ പലയിടങ്ങളിലും ഇത്തരത്തിൽ കരക്കടിഞ്ഞിട്ടുണ്ട്.