ഖത്തര്‍ ഫിഫ ലോകകപ്പില്‍ ബ്രസീൽ പൊനാൽട്ടി ഷൂട്ടൗട്ടില്‍ വീണു. ക്രൊയേഷ്യ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ടീമായി. ഓരോ ഗോളിന് സമനില തുടർന്നാണ് നിശ്ചിത മത്സര സമയം അവസാനിച്ചത്. തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം.
ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെ കരുത്തിലാണ് സെമിയിലേക്ക് ക്രൊയേഷ്യയുടെ പടയോട്ടം. എക്സ്ട്രാ ടൈമിലെ നെയ്മറുടെ ചെസ് ബോർഡിൽ എന്ന പോലെ നീക്കങ്ങളോടെയുള്ള മിന്നും ഗോളിന് അധികം ആയുസ്ണ്ടായില്ല. മറുപടിയായി 10 മിനുറ്റിന്റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് മത്സരം സമനിലയായത്. ഒരിക്കല്‍ക്കൂടി പെനാൽട്ടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ വെന്നിക്കൊടി പാറിച്ചപ്പോള്‍ ഗാലറിയില്‍ ബ്രസീലിയന്‍ ആരാധകരുടെ കണ്ണീരൊഴുകി.
തൊണ്ണൂറുമിനിറ്റ് അവസാനിക്കുമ്പോള്‍ ഒമ്പത് സേവുകളാണ് ലിവാകോവിച്ച് നടത്തിയത്. ടൂര്‍ണമെന്റിലിതുവരെ ആരും അത്രയും സേവുകള്‍ നടത്തിയിട്ടില്ല. ഒടുക്കം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റോഡ്രിഗോയുടെ ഷോട്ടും തടഞ്ഞ് ലിവാകോവിച്ച് ഭാഗ്യം കൊണ്ടു വരുന്ന പച്ചതുള്ളനായി.
ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടറിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 45 മിനുറ്റുകളിലും ഒരു മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാനായില്ല. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിലെ ബ്രസീലിന്റെ ആക്രമണത്തിന്റെ തുടര്‍ച്ച പ്രതീക്ഷിച്ച ആരാധകര്‍ക്ക് മുന്നില്‍ മോഡ്രിച്ചിന്റെ നേതൃത്വത്തില്‍ ക്രൊയേഷ്യ നീക്കങ്ങള്‍ നടത്തുന്നതും ശക്തമായി പ്രതിരോധിക്കുന്നതുമാണ് കണ്ടത്. 52 ശതമാനം ബോള്‍ പൊസിഷനും മൂന്ന് ഓണ്‍ടാര്‍ഗറ്റ് ഷോട്ടുകളുമുള്ള ബ്രസീലിനെതിരെയാണ് ക്രൊയേഷ്യ മികച്ച പ്രകടനം പുറത്തെടുത്തത്.
മൂന്നാം മിനുറ്റില്‍ കൊവാസിച്ചിനെ കാസിമിറോ ഫൗള്‍ ചെയ്തതിന് ക്രൊയേഷ്യക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. തൊട്ടുപിന്നാലെ ബ്രസീലിന്റെ പ്രത്യാക്രമണം വിനീഷ്യസ് നയിച്ചെങ്കിലും ഫാര്‍ പോസ്റ്റിലേക്ക് വളച്ച് പന്ത് കയറ്റാനുള്ള ശ്രമം ക്രൊയേഷ്യന്‍ ഗോളി ലിവാകോവിച്ച് പിടികൂടി. 10-ാം മിനുറ്റില്‍ വിനീഷ്യസ് തുടങ്ങിവച്ച മുന്നേറ്റവും ഗോളിലേക്ക് വഴിമാറിയില്ല. 13-ാം മിനുറ്റില്‍ പെരിസിച്ചിന്റെ ഫിനിഷിംഗ് ചെറുതായൊന്ന് പിഴച്ചില്ലായിരുന്നെങ്കില് ക്രൊയേഷ്യക്ക് ലീഡ് കണ്ടെത്താമായിരുന്നു. 21-ാം മിനുറ്റില്‍ നെയ്മറുടെ ശ്രമവും ഗോളിയുടെ കൈകളില്‍ വിശ്രമിച്ചു. 23-ാം മിനുറ്റില്‍ നെയ്മറുടെ താളം കൃത്യമായി കണ്ട നീക്കത്തില്‍ കസിമിറോയ്ക്ക് ഗോള്‍വല ഭേദിക്കാനായില്ല. 42-ാം മിനുറ്റില്‍ ബോക്സിന് തൊട്ട് പുറത്തുവച്ച് കിട്ടിയ ഫ്രീകിക്കില്‍ നെയ്മറുടെ ഷോട്ട് കൃത്യം ഗോളിയുടെ കൈകളിലെത്തി.
ചെസ് ബോർഡിലെ കരുക്കൾ എന്നപോലെ വെട്ടിച്ചെടുത്ത നെയ്മറുടെ ഗോൾ
ക്രൊയേഷ്യന്‍ പ്രതിരോധ താരങ്ങളെ ഓരോന്നോരോന്നായി വെട്ടിയുഴിഞ്ഞ് ഒടുവില്‍ ഗോള്‍കീപ്പറേയും മറികടന്ന് നെയ്മറുടെ കാലുകളില്‍ നിന്ന് പന്ത് വല തൊട്ടപ്പോള്‍ ബ്രസീല്‍ ആരാധകര്‍ ആവേശംകൊണ്ട് തുള്ളിച്ചാടി. ഒരേ ലൈനിൽ മൂന്നു തവണ പാസ് മാറിയെടുത്താണ് നെയ്മർ പന്ത് ഗോളിലേക്ക് എത്തിച്ചത്.
പക്ഷെ, ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ ആറാം ലോകകിരീടമെന്ന സ്വപ്നം ക്വാര്‍ട്ടറില്‍ അവസാനിപ്പിച്ച് ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.
രണ്ടാംപകുതി ബ്രസീലിയന്‍ ആക്രമണത്തോടെയാണ് തുടങ്ങിയത്. 66-ാം മിനുറ്റില്‍ പക്വേറ്റയുടെ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 76-ാം മിനുറ്റില്‍ റോഡ്രിഗോയുടെ മുന്നേറ്റം ഗോളിലേക്ക് വഴിതിരിച്ചുവിടാന്‍ നെയ്മര്‍ ശ്രമിച്ചപ്പോള്‍ ഗോളി വിലങ്ങുതടിയായി. 80-ാം മിനുറ്റില്‍ പക്വേറ്റയുടെ ഷോട്ടും ഗോളിയില്‍ അവസാനിച്ചു. 90 മിനുറ്റിലും നാല് മിനുറ്റ് ഇഞ്ചുറിസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമില്‍(105+1) സാക്ഷാല്‍ സുല്‍ത്താന്‍ നെയ്മര്‍ ബ്രസീലിനെ മുന്നിലെത്തിച്ചു. എന്നാല്‍ 116-ാം മിനുറ്റില്‍ ക്രൊയേഷ്യയുടെ ബ്രൂണോ പെറ്റ്കോവിച്ചിന്റെ ലോംഗ് റേഞ്ചര്‍ മത്സരം 120 മിനുറ്റുകളില്‍ സമനിലയിലാക്കി. ഇതോടെ ഷൂട്ടൗട്ടില്‍ കാര്യങ്ങള്‍ക്ക് തീരുമാനമാവുകയായിരുന്നു.


